തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ വോട്ടുമറിക്കല്‍ ആരോപണം ശക്തം

എച്ച് സുധീര്‍

തിരുവനന്തപുരം: ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ വോട്ടുമറിക്കലിന് സാധ്യതകളുണ്ടെന്ന ആരോപണങ്ങള്‍ ബലപ്പെടുന്നു. ബിജെപി, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ ഇത്തവണയും കോണ്‍ഗ്രസ്- ബിജെപി പ്രാദേശിക നേതാക്കള്‍ വോട്ടുമറിക്കലിന് അണിയറനീക്കം ആരംഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുതന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് വി എസ് ശിവകുമാറിനെ പിന്തുണയ്ക്കുന്നതിനു പകരമായി നേമത്ത് ഒ രാജഗോപാലിനെ പിന്തുണയ്ക്കുമെന്നാണ് ധാരണയില്‍ ഉരുത്തിരിഞ്ഞിട്ടുള്ളതെന്ന് പ്രദേശത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. എല്‍ഡിഎഫ് നേതാക്കളും ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്തുണ്ട്. നേമം മണ്ഡലത്തില്‍ ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ വോട്ടുമാറ്റിക്കുത്തുമെന്ന് ബൂത്തുതലം മുതലുള്ള തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജെഡിയുവിന് നേമം സീറ്റ് നല്‍കിയതും അടുത്തിടവരെ എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന വി സുരേന്ദ്രന്‍പിള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതും കോ ണ്‍ഗ്രസ് ക്യാംപിനെ അസംതൃപ്തിയിലാക്കി.
2011ല്‍ ഒ രാജഗോപാലിന് മുതിര്‍ന്ന നേതാക്കള്‍ വോട്ടുമറിച്ചു നല്‍കിയതായി യുഡിഎഫിലും കോണ്‍ഗ്രസ്സിലും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നേമം മണ്ഡലത്തില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയതിനു പിന്നില്‍ വോട്ടുകച്ചവടമാണെന്ന് പരാതിയുണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറുസീറ്റില്‍ നിന്നും 34 സീറ്റുകളിലേക്ക് ബിജെപി മുന്നേറ്റം നടത്തിയതിന് പിന്നില്‍ വോട്ടുകള്‍ മറിച്ചതാണെന്നായിരുന്നു ആക്ഷേപം. കോ ണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥി പോലും പരാജയപ്പെട്ടു. 16 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ കുറയുകയും ബിജെപിയുടെ വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു.
വോട്ടുകള്‍ മറിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി വി എസ് ശിവകുമാറിനെതിരേ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം സെക്രട്ടറി മണക്കാട് സുരേഷ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ശിവകുമാറിന് താക്കീത് നല്‍കി പരസ്യആരോപണം ഉന്നയിച്ചവര്‍ക്കെതിരേ സംഘടന നടപടിയെടുക്കുകയും ചെയ്തു. അതേസമയം, മുന്‍കാലങ്ങളെ അപേക്ഷിച്ച് നേമത്തെ എല്‍ഡിഎഫ് വോട്ടുകളിലും ചോര്‍ച്ചയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ മണ്ഡലത്തില്‍ മുന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായി. ഈ വോട്ടുകളെല്ലാം ബിജെപി അക്കൗണ്ടിലെത്തിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് വോട്ടുമറിക്കല്‍ നടന്നതായുള്ള ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. മുന്‍കാല കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തവുമാണ്. കോണ്‍ഗ്രസ്സിലെ എന്‍ ശക്തന് 2001ല്‍ 56,648 വോട്ടും 2006ല്‍ 60,884 വോട്ടും ലഭിച്ച നേമം മണ്ഡലത്തില്‍ 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരുപാറ രവിക്ക് ലഭിച്ചത് കേവലം 20,248 വോട്ടാണ്. 2001ല്‍ 16,872ഉം 2006ല്‍ 6,705ഉം വോട്ടുകള്‍ നേടിയ ബിജെപി 2011ല്‍ എത്തിയപ്പോഴേക്കും അക്കൗണ്ടിലെത്തിച്ചത് 43,661 വോട്ടുകളാണ്. പിന്നാക്ക ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഏത് ഭാഗത്തുണ്ടാവുമെന്നതിനെ ആശ്രയിച്ചാവും മുന്നണികളുടെ ജയപരാജയം.
Next Story

RELATED STORIES

Share it