തിരുവനന്തപുരം ഡിവിഷനില്‍ 10 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ നിന്ന് ഇന്നലെ പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കില്‍ നടക്കുന്ന അറ്റകുറ്റപ്പണികളും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതു കൂടാതെ രണ്ടു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. അപ്രതീക്ഷിതമായി പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഗുരുവായൂര്‍-തൃശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കി. മാസങ്ങളായി പാളങ്ങളിലെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി തീവണ്ടികള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണി ഇല്ലാത്ത മേഖലകളിലെ തീവണ്ടികളും റദ്ദാക്കേണ്ടിവന്നതോടെയാണ് ജീവനക്കാര്‍ കുറവുണ്ടെന്ന വസ്തുത റെയില്‍വേ അംഗീകരിച്ചത്. ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായി ഒഴിവുകളുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.ഇതോടെ ലോക്കോ പൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായി. തിരുവനന്തപുരം ഡിവിഷനില്‍ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികകളാണുള്ളത്. ഇതില്‍ 420 പേര്‍ മാത്രമാണുള്ളത്. അതിരൂക്ഷമായ ആള്‍ക്ഷാമത്തിനിടെ പ്രളയം കാരണം ജീവനക്കാര്‍ അവധിയില്‍ പോവുകയും ചെയ്തതോടെ തീവണ്ടികള്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അതേസമയം, ദക്ഷിണ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളില്‍ നിന്ന് തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി 25 ലോക്കോ പൈലറ്റുമാര്‍ കാത്തിരിപ്പുണ്ട്.

Next Story

RELATED STORIES

Share it