thiruvananthapuram local

തിരുവനന്തപുരം കോര്‍പറേഷന്‍ സോണല്‍ ഓഫിസുകള്‍ക്കെതിരെ വ്യാപക പരാതി



തിരുവനന്തപുരം: കോര്‍പറേഷന്‍ സോണല്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതി വ്യാപകമാവുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി സോണല്‍ ഓഫിസുകളില്‍ എത്തുന്നവരില്‍നിന്നും ഓഫിസ് ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി ചോദിച്ചുവാങ്ങുന്നതായാണ് പരാതി. ഇതുനല്‍കാന്‍ തയാറായില്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട ഫയലുകള്‍ മുക്കുന്നത് പതിവാണ്. ഓഫിസുകള്‍ പലതും ഇടനിലക്കാരുടെ പിടിയിലാണ്. മേയറെയടക്കം നോക്കുകുത്തിയാക്കി ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പലപ്പോഴും ഇടനിലക്കാരാണ്. ഇവര്‍ക്ക് ഒത്താശയുമായി ഒരു വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്. ഉടമസ്ഥാവകാശവും നിര്‍മാണ അനുമതിയും ടാക്‌സ് ഇളവും ഉള്‍പ്പെടെ എല്ലാം നിശ്ചയിക്കുന്നത് ഇടനിലക്കാരാണ്. ഇക്കൂട്ടര്‍ പറയുന്ന സ്ഥലത്ത് ഒപ്പുവെക്കുകയാണ് ഉദ്യോഗസ്ഥരുടെ ജോലി. സോണലുകള്‍ ശുദ്ധീകരിക്കാന്‍ നഗരസഭ പലവട്ടം നടപടികള്‍ സ്വീകരിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.പല പ്രവൃത്തിദിനങ്ങളിലും റവന്യൂ ഇന്‍സ്‌പെക്ടര്‍മാരുടെ കസേരകള്‍ കാലിയാണ്. സാധാരണക്കാരന്‍ ഓഫിസിലെത്തി കാരണം തിരക്കിയാല്‍ ഫീല്‍ഡിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇനി കണ്ടാല്‍തന്നെ പലനൂലാമാലകളും നിരത്തി ആവശ്യക്കാരെ വിഷമിപ്പിക്കാറുണ്ട്. ആശങ്കയോടെ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ പുറത്ത് ഇടനിലക്കാരുണ്ടാവും. ചോദിക്കുന്ന പണം നല്‍കിയാല്‍ എല്ലാം കൃത്യമായി നടക്കും. പണമില്ലെങ്കില്‍ നൂറുതവണ കയറിയിറങ്ങിയാലും രക്ഷയില്ല. നോട്ടുകെട്ട് കണ്ടാല്‍ നിര്‍മാണാനുമതി മുതല്‍ ടിസി നമ്പര്‍ വരെ നിഷ്പ്രയാസം ലഭിക്കും. ഇടനിലക്കാര്‍ ഉണ്ടെങ്കില്‍ ഹരിതചട്ടം ഉള്‍പ്പെടെയുള്ള സുപ്രധാനമായ എല്ലാ നിബന്ധനകളും കാറ്റില്‍ പറക്കും. 3000 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളിലാണ് ഇടനിലക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം. നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ പോലും റോഡ് കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ടിസി അനുവദിച്ചതായി പരാതികളുണ്ട്. ഫോര്‍ട്ട്, ആറ്റിപ്ര, വട്ടിയൂര്‍ക്കാവ്, ഉള്ളൂര്‍ സോണലുകള്‍ക്കെതിരായാണ് കൂടുതല്‍ പരാതികളുള്ളത്. കഴിഞ്ഞ നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും കൗണ്‍സില്‍ യോഗത്തിലും സോണല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ കുറിച്ച് നിരവധി പരാതികളാണ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചത്. സോണല്‍ ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആറുമാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥരുടെയും സോണല്‍ പരിധിയിലെ കൗണ്‍സിലര്‍മാരുടെയും സംയുക്തയോഗം വിളിച്ച് ചേര്‍ക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. സോണലുകളുടെ ചുമതലയുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരാണ് യോഗം വിളിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്. എന്നാല്‍ ഈ കൗണ്‍സില്‍ അധികാരത്തിലെത്തിയ ശേഷം ഒരു തവണ പോലും യോഗം ചേരാത്ത സോണലുകളുമുണ്ട്.
Next Story

RELATED STORIES

Share it