Districts

തിരുവനന്തപുരം കോര്‍പറേഷന്‍: മനസ്സു തുറക്കാതെ തിരുവനന്തപുരം

വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും തലസ്ഥാനത്തിന്റെ രാഷ്ട്രീയമനസ്സ് അവ്യക്തമാണ്. 2010ല്‍ നേരിയ മാര്‍ജിനിലാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ആകെയുള്ള 100 വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത് 51 സീറ്റ്. യുഡിഎഫ് 42ഉം ബിജെപി ആറ് സീറ്റും സ്വന്തമാക്കി. ഒരു സീറ്റില്‍ സ്വതന്ത്രനും കയറിക്കൂടി. എന്നാല്‍, ഇത്തവണ ഇരു മുന്നണികളും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്നതും ഇവിടെയാണ്. എട്ടു വാര്‍ഡുകളില്‍ ശക്തമായ സ്വാധീനവുമായി എസ്ഡിപിഐയും രംഗത്തുണ്ട്.
പ്രചാരണത്തില്‍ തുടക്കം മുതല്‍ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്ന എസ്ഡിപിഐ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. നഗരത്തിന്റെ കടിഞ്ഞാണ്‍ കൈപ്പിടിയിലൊതുക്കാനുള്ള പതിനെട്ടടവും യുഡിഎഫ് പയറ്റുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള കഠിനപരിശ്രമത്തിലാണ് എല്‍ഡിഎഫ്. പരമാവധി സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയാവാനാണ് ബിജെപിയുടെ ശ്രമം. കോര്‍പറേഷന്‍ ഒറ്റയ്ക്ക് ഭരിക്കണമെങ്കില്‍ 51 സീറ്റുകളില്‍ ജയം ഉറപ്പാക്കണം. നിലവിലെ രാഷ്ട്രീയ-പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സംഖ്യ കടക്കുകയെന്നത് മുന്നണികളുടെ മുന്നില്‍ ശ്രമകരമായ ദൗത്യമാണ്. അവസാനഘട്ടത്തില്‍ രാഷ്ട്രീയസാഹചര്യം മാറിമറിഞ്ഞത് യുഡിഎഫിനും കനത്ത വെല്ലുവിളിയാണ്. ബാര്‍കോഴ ഉള്‍െപ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ കുറ്റപത്രമിറക്കിയാണ് എല്‍ഡിഎഫ് അവസാനവട്ടം പ്രചാരണം നടത്തുന്നത്.
എന്നാല്‍, കേവല ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ എല്‍ഡിഎഫിന് ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണ് ഭരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ആര്‍എസ്പി യുഡിഎഫിലേക്ക് ചേക്കേറിയിട്ടും ഇവിടെ മാത്രം എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു. എന്നാല്‍, ഇത്തവണ സ്ഥിതി മാറി. പുതുമുഖങ്ങളെ ഇറക്കിയുള്ള യുഡിഎഫ് വെല്ലുവിളിയെ അതേ നാണയത്തില്‍ ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി നേരിടുകയാണ് എല്‍ഡിഎഫ്.
പാങ്ങോട് നിന്നും ജനവിധി തേടുന്ന മുന്‍ മേയറായ സി ജയന്‍ ബാബുവാണ് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മഹേശ്വരന്‍ നായരും ജോണ്‍സണ്‍ ജോസഫുമാണ് യുഡിഎഫിനെ നയിക്കുന്നത്. മഹേശ്വരന്‍ നായര്‍ മുടവന്‍മുകളില്‍ നിന്നും ജോണ്‍സണ്‍ ജോസഫ് ഉള്ളൂരില്‍ നിന്നുമാണ് മല്‍സരിക്കുന്നത്. അശോക് കുമാറിനെ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പോരാട്ടം. നിലവില്‍ നഗരസഭയിലെ കക്ഷിനേതാവായ അശോക് കുമാര്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. നിര്‍ണായക സ്വാധീനമാകുമെന്ന പ്രഖ്യാപനവുമായി പ്രചാരണം തുടങ്ങിയ ബിജെപിക്ക് അത്രകണ്ട് തിളക്കമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എസ്എന്‍ഡിപി കൂട്ടുകെട്ടും മിസ്ഡ്‌കോള്‍, ബീഫ് വിവാദങ്ങളും ദലിത് അതിക്രമങ്ങളുമെല്ലാം ജനങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള അകലം കൂട്ടുന്നതിനു കാരണമായി. നഗരഭരണം പിടിക്കാന്‍ പോരാടുന്ന മുന്നണികള്‍ക്ക് വിമതരാണ് തലവേദന. യുഡിഎഫിനാണ് വിമതഭീഷണി കൂടുതല്‍.
Next Story

RELATED STORIES

Share it