kozhikode local

തിരുവങ്ങൂര്‍ വ്യവസായ ഭൂപടത്തിലേക്ക്

കൊയിലാണ്ടി: തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നതോടെ തിരുവങ്ങൂര്‍ വ്യവസായിക ഭൂപടത്തിലേക്ക്. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ളതാണ് കാലിത്തീറ്റ ഫാക്ടറി. 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്.
നാളികേര കോംപ്ലക്‌സ് തകര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട ഫാക്ടറി സ്ഥലത്താണ് പുതിയ കാലിത്തീറ്റ ഫാക്ടറി സജ്ജമാക്കിയത്. നാളികേര ദൗര്‍ലഭ്യവും തൊഴില്‍സമരവും കാരണം അന്ന് ഫാക്ടറി തുറക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ 2010 ല്‍ കൃഷിമന്ത്രി കെ പി മോഹനനാണ് കാലിത്തീറ്റ ഫാക്ടറിയാക്കി രൂപാന്തരപ്പെടുത്താന്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. നിശ്ചയിക്കപ്പെട്ട സമയപരിധിയില്‍ പണി പൂര്‍ത്തിയാക്കാനും കഴിഞ്ഞു.
ദിവസം 300 ടണ്‍ കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കാന്‍ ഇവിടെ കഴിയും. മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്ന കാലിത്തീറ്റയെക്കാള്‍ ഗുണമേന്‍മയുള്ളതിനാല്‍ ക്ഷീകരര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവും. മലബാറിലെ കാര്‍ഷിക വ്യവസ്ഥ തകരുന്നതോടെയാണ് ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലായത്.
കാലിത്തീറ്റയുടെ ലഭ്യതക്കുറവാണ് ക്ഷീരകര്‍ഷകര്‍ നേരിട്ട പ്രതിസന്ധി. ഫാക്ടറി പ്രവര്‍ത്തനക്ഷമമാവുന്നതോടെ വലിയ അളവില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവും. ജില്ലയുടെ വികസന മുരടിപ്പിനെ പരിഹരിക്കാന്‍ ഈ ഫാക്ടറിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെടുകാര്യസ്ഥതയും അഴിമതിയും പൂര്‍ണമായും പരിഹരിക്കുകയാണെങ്കില്‍ നാടിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവും കാലിത്തീറ്റ ഫാക്ടറി.
Next Story

RELATED STORIES

Share it