kozhikode local

തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം ഒമ്പതിന്



കോഴിക്കോട്: കേരള ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ വ്യാവസായിക ഉത്പാദനത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഒമ്പതിന് രാവിലെ 11ന് ഫാക്ടറി അങ്കണത്തില്‍ മന്ത്രി കെ. രാജു നിര്‍വഹിക്കും. പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള യന്ത്ര സാമഗ്രികളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഉത്പാദന സജ്ജീകരണങ്ങളോടെ നിര്‍മിച്ച ഈ ഫാക്ടറിക്ക് പ്രതിദിനം 300 മെട്രിക് ടണ്‍ കാലിത്തീറ്റ ഉത്പാദന ശേഷിയുണ്ട്. ഈ ഹൈടെക് ഫാക്ടറിയുടെ ഉത്പാദനം പൂര്‍ണതോതില്‍ എത്തുന്നതോടെ മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുകയും അതുവഴി പാലുല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. മുന്തിയ ഇനം പശുപരിപാലനത്തിനും പാലുല്‍പാദനത്തിനും പശുക്കളുടെ സമഗ്ര ആേരാഗ്യത്തിനും വന്ധ്യതാ നിവാരണത്തിനും ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന പ്രീമിയം കാലിത്തീറ്റകളാണ് പുതുതായി വിപണിയിലിറക്കുന്നത്.ചടങ്ങില്‍ കെ ദാസന്‍ എം എല്‍എ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ സി കെ നാണു, എകെ ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, പിടിഎ റഹിം, ഇ.കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യുവി ജോസ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ കെഎം, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് അശോകന്‍ കോട്ട്, തുടങ്ങിയവര്‍ സംസാരിക്കും. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Next Story

RELATED STORIES

Share it