തിരുപ്പതി ക്ഷേത്ര യാത്ര; അമിത്ഷായുടെ വാഹനം തടഞ്ഞു

അമരാവതി: ആന്ധ്രയില്‍ അമിത്ഷായ്ക്ക് നേരെ പ്രതിഷേധം. ടിഡിപി പ്രവര്‍ത്തകര്‍ ഷായുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരേ പ്രതിഷേധം.
ആന്ധ്രപ്രദേശില്‍ അമിത്ഷായുടെ വാഹനവ്യൂഹം തടഞ്ഞ പ്രവര്‍ത്തകര്‍ ഒരു വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബിജെപി-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടി. കര്‍ണാടകയിലെ പ്രചാരണം പൂര്‍ത്തിയാക്കിയ അമിത്ഷാ വെള്ളിയാഴ്ച രാവിലെയാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങിയ ഉടന്‍ വിശ്വാസികളില്‍ ചിലര്‍ ബിജെപിക്കെതിരേ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്, തിരുപ്പതി ടൗണിലേക്ക് വരുന്ന വഴി കറുത്ത കൊടിയും പാര്‍ട്ടി പതാകയുമായി ടിഡിപി പ്രവര്‍ത്തകര്‍ അമിത്ഷായുടെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു.
ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുക, അമിത്ഷാ തിരിച്ചുപോവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. എന്നാല്‍, അമിത്ഷായുടെ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it