malappuram local

തിരുനാവായയിലെ പക്ഷിവേട്ട തടയാന്‍ ആര്‍ഡിഒയുടെ കര്‍ശന നിര്‍ദേശം



തിരൂര്‍: തിരുനാവായയിലെയും പരിസര പ്രദേശങ്ങളിലും വ്യാപകമായ പക്ഷി വേട്ട തടയാന്‍ നിലമ്പൂര്‍ സൗത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും തിരൂര്‍ ഡിവൈഎസ്പിയ്ക്കും തിരൂര്‍ ആര്‍ഡിഒയുടെ കര്‍ശന നിര്‍ദേശം. ദേശാടന പക്ഷികളെയും ഇതര പക്ഷികളെയും വെടിവെച്ചും വല വീശിയും മറ്റ് തരത്തിലും വേട്ടയാടുന്നതും പക്ഷികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതും തടയാന്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് തിരൂര്‍ ആര്‍ഡിഒ ടി വി സുഭാഷ് ഉത്തരവിറക്കിയത്. 20 ലധികം ഇനത്തില്‍പ്പെട്ട ദേശാടന കിളികളും നാല്‍പതോളം ഇതര പക്ഷികളും കൂട്ടമായും അല്ലാതെയും തിരുനാവായയിലും പരിസരങ്ങളിലുമായി എത്തിയിട്ടുണ്ട്. ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ ഇടപെടല്‍. പക്ഷിവേട്ടക്കാര്‍ എയര്‍ ഗണ്‍ ഉപയോഗിച്ചും വല വിരിച്ചും ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്തുമാണ്  പക്ഷികളെ പിടികൂടുന്നത്. ഇക്കാര്യം പരിസ്ഥിതി സംഘടനയായ റീ എക്കൗ പ്രവര്‍ത്തകരാണ് ആര്‍ഡിഒയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍ഡിഒയ്ക്ക് പരാതിയും നല്‍കിയിരുന്നു. നിളാതീരത്തും താമര തടാകത്തിലും തിരുനാവായ, തൃപ്രങ്ങോട്, അനന്താവൂര്‍, നടുവട്ടം, തവനൂര്‍ വില്ലേജുകളിലെ വിവിധ കായലുകളെ ഉള്‍പ്പെടുത്തി തിരുനാവായയെ പക്ഷിസംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തിരുന്നാവായ സന്ദര്‍ശിക്കാനിരിക്കെയാണ് പക്ഷിവേട്ട വ്യാപകമായിരിക്കുന്നത്. ഈ സാഹചരത്തിലാണ് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയതെന്ന് റീ എക്കൗ  പ്രസിഡന്റ് സിപിഎം ഹാരിസ്, സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it