azchavattam

തിരുത്ത്

തിരുത്ത്
X
hrudayaഉമ്മി മക്തൂമിനെയും മുഹമ്മദ് നബിയെയും ബന്ധപ്പെടുത്തി ഖുര്‍ആന്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്.

നബി ഖുറൈശി ഗോത്രത്തിലെ പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കേ അന്ധനായ ഉമ്മി മക്തൂം ആ സദസ്സിലേക്കു കടന്നുചെന്നു. താന്‍ മറ്റു ചിലരുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കേ ഉമ്മി മക്തൂം അവിടെ വന്നത് നബിക്ക് അനിഷ്ടകരമായി തോന്നുകയും അദ്ദേഹം മുഖം ചുളിക്കുകയും ചെയ്തു. എന്നാല്‍, ഖുറൈശികള്‍ക്ക് മുന്‍ഗണന നല്‍കുകയും അന്ധനായ ഉമ്മി മക്തൂമിനെ പരിഗണിക്കാതിരിക്കുകയും ചെയ്ത നബിയുടെ നടപടി ശരിയായില്ലെന്നറിയിച്ചുകൊണ്ടു ഖുര്‍ആന്‍ അവതരിച്ചു.

മതത്തിന്റെ വിമോചനപരതയെയും വിപ്ലവപരതയെയും സൂചിപ്പിക്കുമ്പോള്‍ പ്രഭാഷകരും എഴുത്തുകാരും സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളും സംഘടനാനേതാക്കളും ഉപദേശകരും ഈ സംഭവം ഉദ്ധരിക്കാറുണ്ട്. ഒരു സംഭവമോ കഥയോ വിവരിക്കുന്നതില്‍ ഖുര്‍ആനിന് ചില ലക്ഷ്യങ്ങളുണ്ട്. അവയില്‍ ഒന്ന് ഖുര്‍ആനിനെ വേദപ്രമാണമായി അംഗീകരിക്കുന്നവര്‍ക്ക് ഗുണപാഠമാവണം പ്രസ്തുത സംഭവം എന്നതാണ്. സംഭവവിവരണം കൊണ്ടുള്ള മറ്റൊരു ഉദ്ദേശ്യം ജനങ്ങള്‍ക്കൊക്കെയും അത് ഒരു താക്കീതാവണം എന്നതാണ്.

ഉമ്മി മക്തൂം സംഭവം നമ്മില്‍, പ്രത്യേകിച്ചും നേതൃപദവികള്‍ അംഗീകരിക്കുന്നവരില്‍ എന്തെങ്കിലും പ്രതിഫലനം ഉണ്ടാക്കുന്നുണ്ടോ? മറ്റുള്ളവരെ പരിഗണിക്കാനുള്ള ഉദാരഭാവം, പാവങ്ങളെയും ദരിദ്രരെയും സുഹൃത്തുക്കളാക്കാനുള്ള സന്നദ്ധത നമ്മില്‍ എത്രപേര്‍ക്കുണ്ട്? നമുക്കുണ്ടെന്ന് നാം കരുതുന്ന ധാര്‍മികബോധവും ആത്മീയശക്തിയും സഹജീവികളുമായുള്ള പെരുമാറ്റത്തില്‍ പ്രായോഗികമാവുന്നുണ്ടോ? നമ്മുടെ ബോധമണ്ഡലത്തില്‍ ഉരുത്തിരിയുന്ന സദ്‌വിചാരങ്ങള്‍ പ്രവൃത്തിയായി രൂപാന്തരപ്പെട്ട് ജനങ്ങള്‍ക്കു പ്രയോജനപ്രദമായി ഭവിക്കുന്നുണ്ടോ? ആദരവിന്റെയും മാന്യതയുടെയും മാനദണ്ഡം പണമാണെന്നും എല്ലാ കുറവുകളും അത് പരിഹരിക്കുമെന്നുമുള്ള വിശ്വാസം ഭൗതികവാദികളെപ്പോലെ നമ്മേയും സ്വാധീനിച്ചിട്ടുണ്ടോ?

ആര്‍ക്ക് ധനമുണ്ടോ അയാള്‍ കുലീനനും പണ്ഡിതനും വിദ്വാനും സുന്ദരനുമാണെന്നും എല്ലാ ഗുണങ്ങളും ധനത്തെ ആശ്രയിക്കുന്നുവെന്നുമുള്ള വ്യാജബോധങ്ങള്‍ നമ്മേയും കീഴ്‌പ്പെടുത്തുന്നുണ്ടോ?ഗരിമയെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് തന്നെ നമുക്കിടയില്‍ അറിഞ്ഞോ അറിയാതെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അധസ്ഥിതരെയും ദരിദ്രരെയും സ്ഥാനപദവികളില്ലാത്തവരെയും അവഗണിക്കുകയോ അവരെ പരിഗണിക്കാതിരിക്കുകയോ ചെയ്യുകയെന്നതാണാ വൃത്തികെട്ട കാഴ്ചപ്പാട്. സമ്പന്നരായതുകൊണ്ടു മാത്രം ആരാധനാലയങ്ങളുടെ, സംഘടനകളുടെ, സ്ഥാപനങ്ങളുടെ, സംരംഭങ്ങളുടെ സാരഥ്യം ഏല്‍പിച്ചുകൊടുക്കുക, ധനികര്‍ ചെയ്യുന്ന തെറ്റുകള്‍ കണ്ണടയ്ക്കുക, എന്നിവ ആ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളാണ്. മഖ്ദൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ അപഹരിച്ചപ്പോള്‍, കുലീനത്വമുള്ള ഒരു കുടുംബത്തിലെ അംഗം എന്ന നിലയ്ക്ക് അവളെ വെറുതെവിടണമെന്നുള്ള ശുപാര്‍ശയുമായി ഉസാമ നബിയെ സമീപിച്ചു. സമ്പന്നര്‍ വീഴ്ചവരുത്തുമ്പോള്‍ അവര്‍ക്കെതിരേ നിയമനടപടി കൊണ്ടുവരാതിരുന്നതുമൂലമാണ് നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചുപോയതെന്ന് പറഞ്ഞു നബി ഉസാമയുടെ അഭ്യര്‍ഥന നിരസിച്ചു.

പഴയ മേന്മയെപ്പറ്റി പ്രസംഗിച്ചതുകൊണ്ടും എഴുതിയതുകൊണ്ടും മാത്രം ഒരു നന്മയുമുണ്ടാവുകയില്ല. നമ്മുടെ പൂര്‍വികന്മാര്‍ സമര്‍ഥരായിരുന്നു. സംസ്‌കാരസമ്പന്നരായിരുന്നു. പക്ഷേ, അവര്‍ മുഖേന മതത്തിനും സമുദായത്തിനുമുണ്ടായ പ്രയോജനം നാം മൂലമുണ്ടാവുന്നില്ല. പൂര്‍വികര്‍ പ്രദര്‍ശിപ്പിച്ചിരുന്ന ധര്‍മനിഷ്ഠയും സ്വഭാവസവിശേഷതകളും പെരുമാറ്റഗുണങ്ങളും നാം പുലര്‍ത്താതിരിക്കുന്നതിനാല്‍ നമ്മില്‍ നിന്നു മാത്രമല്ല നമ്മുടെ സംഘങ്ങളില്‍ നിന്നുപോലും, മതത്തില്‍ നിന്നുപോലും ജനങ്ങള്‍ അകന്നുപോവുന്നു.
Next Story

RELATED STORIES

Share it