malappuram local

തിരിമുറിയാതെ കാലവര്‍ഷം

പെരിന്തല്‍മണ്ണ: തിരിമുറിയാതെ പെയ്യുന്ന മഴ നാലാംദിവസവും തുടരുന്നതിനിടെ ജില്ലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. പുഴ നിറഞ്ഞ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വിളയൂര്‍, പുലാമന്തോള്‍, കുലുക്കല്ലൂര്‍, മൂര്‍ക്കനാട് പഞ്ചായത്തുകളിലെ താഴ്ന്ന ഇടങ്ങളിലെല്ലാം റോഡിലേക്കടക്കം വെള്ളമെത്തി.
കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മപ്പാട്ടുകര, നാട്യമംഗലം, പൂളോംപാടം, വിളയൂര്‍ പഞ്ചായത്തിലെ എടപ്പലം പാടത്തും തിരുവേഗപ്പുറയില്‍ നെടുങ്ങോട്ടൂര്‍, ചെമ്പ്ര, ആമപ്പൊറ്റ പുഴയോര പ്രദേശങ്ങളിലെല്ലാം പാടത്ത് വെള്ളം കയറി. എന്നാല്‍, എവിടെയും നാശനഷ്ടങ്ങളൊന്നുമില്ല. നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമാണ് കാലവര്‍ഷം ഇങ്ങനെ ശക്തി പ്രാപിക്കുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
തിരുവേഗപ്പുറ പഞ്ചായത്തിലെ പൈതൃക പാര്‍ക്കിലേക്കു തൂതപ്പുഴ നിറഞ്ഞു വെള്ളം കയറിയ നിലയിലാണ്.
ഇന്നലെ പെയ്ത കനത്ത മഴയിലാണ് തൂതപ്പുഴ കരകവിഞ്ഞൊഴുകി പൈതൃക പാര്‍ക്കിലേക്ക് വെള്ളവും ചെളിയും കയറിയത്. മഴ തുടരുന്നതിനാല്‍ പാര്‍ക്കിലെ കെട്ടിടങ്ങളും പൂന്തോട്ടങ്ങളും വെള്ളത്തിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഗ്രാമീണ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ഉള്‍നാടന്‍ റോഡുകളിലൂടെയുള്ള വാഹനയാത്രകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. തോടുകളും കുളങ്ങളും നിറഞ്ഞൊഴുകുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്ര ഭീഷണിയായിട്ടുണ്ട്. കെട്ടിട നിര്‍മാണമേഖലയിലും കാര്‍ഷിക മേഖലകളിലും തൊഴില്‍ സ്തംഭനമാണ്.
മഴ ഇടയ്ക്ക് ശക്തി കുറയുന്നുണ്ടെങ്കിലും ആകാശം മൂടിക്കെട്ടിയ നിലയിലാണ്. ജില്ലയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും മലയോര മേഖലയില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.    കരകവിഞ്ഞൊഴുകുന്ന തൂതപ്പുഴയും ഭാരതപ്പുഴയും കാണാന്‍ പുഴയോരങ്ങളിലും പാലങ്ങളിലും ജനത്തിരക്കേറി.
മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്ന പുഴകള്‍ നിറഞ്ഞ കാഴ്ച കാണാനാണ് ആളുകള്‍ എത്തുന്നത്. കാലവര്‍ഷത്തിന്റെ തുടക്കത്തിലും പല പുഴകളും പാലം മുട്ടെ നിറഞ്ഞിരുന്നെങ്കിലും ഇത്തവണ പാലത്തിന്റെ പ്രധാന കോണ്‍ക്രീറ്റ് പാത്തിയോടൊപ്പമാണ് വെള്ളം എത്തിനില്‍ക്കുന്നത്. ശക്തമായ മഴ തുടരുകയാണെങ്കില്‍ പുലാമന്തോള്‍ പാലോളികുളമ്പ്, തൂത പ്പാലങ്ങള്‍ക്ക് മുകളിലൂടെ പുഴയൊഴുകാനുള്ള സാധ്യത കൂടുതലാണ്.
Next Story

RELATED STORIES

Share it