തിരിച്ചെത്താതെ 97 പേര്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ഒരാഴ്ച പിന്നിടുമ്പോഴും കണ്ടെത്താനുള്ള മല്‍സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. 97 പേരെ മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, 201 മല്‍സ്യത്തൊഴിലാളികള്‍ മടങ്ങിവരാനുണ്ടെന്ന് ലത്തീന്‍ അതിരൂപതാ ഭാരവാഹികള്‍ കണക്കുകള്‍ നിരത്തി വാദിക്കുന്നു. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി 1,197 മല്‍സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായതായാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം, ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 33 ആയി. കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ ഫിഷറീസ് വകുപ്പിന്റെ കടല്‍ സംരക്ഷണസേന നടത്തിയ തിരച്ചിലിലും മൂന്നു മൃതദേഹങ്ങള്‍ കൊച്ചിയിലെ പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിലുമാണ് കണ്ടെടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരു മല്‍സ്യത്തൊഴിലാളി ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൗസില്‍ രതീഷ് (30) ആണ് മരിച്ചത്. കൊച്ചിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ മാത്രം 83 മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. 14 മലയാളികളടക്കം 72 മല്‍സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ലക്ഷദ്വീപിലാണ് കണ്ടെത്തിയത്. ഇതില്‍ 58 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. സംഘം ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണുള്ളത്. ദിവസങ്ങളായി ഇവര്‍ക്കു ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല. കാലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് രക്ഷപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാണ് നീക്കം.
കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ 14 ബോട്ടുകള്‍ കൂടി ഇന്നലെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി. 168 തൊഴിലാളികളാണ് മടങ്ങിയെത്തിയത്. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. പൊന്നാനിയില്‍ നിന്ന് കടലില്‍ പോയ 11 മല്‍സ്യത്തൊഴിലാളികളെ കണ്ണൂര്‍ ഏഴിമലയ്ക്കടുത്തു നിന്ന് തീര സുരക്ഷാസേന രക്ഷിച്ചു. വിഴിഞ്ഞം തീരത്തു നിന്നു മല്‍സ്യബന്ധനത്തിനു പോയി കാണാതായ നാലുപേരും ഇന്നലെ തിരിച്ചെത്തി.
Next Story

RELATED STORIES

Share it