തിരിച്ചുവരാതെ 171 കുട്ടികള്‍; ഷഹ്ബാദ് ഡയറിയിലെ നിവാസികള്‍ക്ക് പേടിസ്വപ്‌നമായി കാട്ടിലെ ശൗചാലയം

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ പൊടിക്കുമ്പോള്‍ ശൗചാലയങ്ങളില്ലാത്ത ഷഹ്ബാദ് ഡയറിയിലെ നിവാസികള്‍ക്കു പേടിസ്വപ്‌നമായി കാട്ടുപ്രദേശം. ഈ കാട്ടുപ്രദേശത്തേക്കു ശുചികര്‍മം നിര്‍വഹിക്കാന്‍ പോയ 171 കുട്ടികളെയാണു കാണാതായത്. സമീപകാലത്ത് 66 കുട്ടികളെ ഇവിടെ കാണാതായി.
തലസ്ഥാനനഗരിയില്‍ ഇത്ര ഗൗരവമുള്ള സ്ഥിതിയുണ്ടായിട്ടും പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 500 കുടുംബങ്ങള്‍ താമസിക്കുന്ന ഷഹ്ബാദ് ഡയറിയില്‍ ഒരു കക്കൂസു പോലുമില്ല. ഇതിനായി തൊട്ടുപിന്നിലുള്ള കാട്ടിലേക്കു പോവണം. ഇത്തരത്തില്‍ പോയ 171 കുട്ടികളെയാണു കാണാതായത്. ഇതില്‍ അഞ്ചു കുട്ടികളെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതില്‍ നാലുപേരും 10 വയസ്സിനു താഴെയുള്ളവരായിരുന്നു. 28 പെണ്‍കുട്ടികള്‍ ഇതേ കാട്ടില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. മറ്റു 17 പേര്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു.
2013 ഡിസംബറിനും 2015 മാര്‍ച്ചിനും ഇടയിലാണ് 171 പേരെ കാണാതാവുന്നത്. വിവരാവകാശപ്രകാരമുള്ള മറുപടിയില്‍ സാക്ഷം എന്ന സന്നദ്ധസംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സമീപകാല കണക്കുകള്‍ ലഭ്യമായിട്ടില്ല. സാമൂഹികവിരുദ്ധര്‍ ചേരിയിലേക്കിറങ്ങിവന്നു പെണ്‍കുട്ടികളെ കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോവുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ടെന്നു പ്രദേശവാസി 45കാരി രാജ്കുമാരി പറയുന്നു. സമീപകാലത്താണ് ഇവിടെ ഇത്രയധികം കുറ്റകൃത്യങ്ങള്‍ പെരുകിയതെന്ന് 1986 മുതല്‍ ഇവിടെ താമസിക്കുന്ന സരിത പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് ശൗചാലയത്തില്‍പ്പോയ ഇവരുടെ മരുമകളെ ഒരുസംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രഭാതകൃത്യം നിര്‍വഹിക്കാന്‍ കാട്ടില്‍പ്പോയ നിരവധി സ്ത്രീകള്‍ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്കിരയായി.
രാത്രിയില്‍ ശൗചാലയത്തില്‍ പോവേണ്ടിവരുന്ന സാഹചര്യം ഭയന്ന് ഇരുള്‍ പരന്നാല്‍ വീട്ടുകാര്‍ കുട്ടികള്‍ക്കു ഭക്ഷണം നല്‍കില്ല. കുട്ടികള്‍ക്കു ഭക്ഷണം ലഭിക്കാത്തതു കാരണം ഇവര്‍ പോഷകാഹാരക്കുറവും നേരിടുന്നുണ്ടെന്നും സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലം രാത്രിഭക്ഷണം കഴിക്കാതിരിക്കുന്നതു കുട്ടികളില്‍ ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു സന്നദ്ധപ്രവര്‍ത്തകനായ സോഹ മൊയ്ത്ര ചൂണ്ടിക്കാട്ടി.
കുട്ടികള്‍ മാത്രമല്ല, പുറത്തിറങ്ങാനുള്ള പേടി കാരണം സ്ത്രീകളും രാത്രിഭക്ഷണം ഒഴിവാക്കും. അധികൃതരോടു നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. പോലിസിനോടു പറഞ്ഞാലും കാര്യമുണ്ടാവാറില്ല. എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ മാത്രമാണ് അവരെത്തുക. സുരക്ഷ ഒട്ടുമില്ലാതെയാണു തങ്ങള്‍ ജീവിക്കുന്നതെന്നു പ്രദേശത്തുകാരി കുശ്ബു പറഞ്ഞു.
Next Story

RELATED STORIES

Share it