Flash News

തിരിച്ചുപോവാന്‍ കപ്പലില്ലാതെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍



കോഴിക്കോട്: ചെലവ് ചുരുക്കി മിച്ചം വച്ച നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോല്‍സവത്തിനെത്തിയ ലക്ഷദ്വീപ് വിദ്യാര്‍ഥികളുടെ മടക്കം ആശങ്കയില്‍. നിശ്ചിത തിയ്യതിയില്‍ കപ്പല്‍ കിട്ടാത്തതാണ് മല്‍സരങ്ങളുടെ ആവേശങ്ങള്‍ക്കിടയിലും ഇവരെ അസ്വസ്ഥരാക്കുന്നത്. 15നു ബിരുദ പരീക്ഷകള്‍ ആരംഭിക്കുമെന്നതിനാല്‍ 13നു മടങ്ങാന്‍ കപ്പല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ലക്ഷദ്വീപ് സംഘം ഇന്റര്‍സോണ്‍ കലോല്‍സവത്തിനെത്തുന്നത്. കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് ഡീനിനു കഴിഞ്ഞ മാസം 12ന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതു പരിഗണിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ ആദ്യം തയ്യാറായില്ല. ഇതോടെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിനിന്ന പലരും പിന്‍വാങ്ങി. മല്‍സരത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിച്ചവര്‍ നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടിയും മറ്റും പണം കണ്ടെത്തിയാണ് അവിടെ നിന്ന് കപ്പല്‍ കയറിയത്. യാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷിപ്പിങ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷ ആദ്യം അവഗണിക്കപ്പെട്ടു. പിന്നീട് അവയെല്ലാം ശരിയാക്കി കൊച്ചിയില്‍ കപ്പലിറങ്ങി. അവിടെ നിന്നു ട്രെയിനില്‍ കോഴിക്കോട്ടെത്താനായിരുന്നു പദ്ധതി. എന്നാല്‍, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ സ്റ്റുഡന്റ്‌സ് ഡീന്‍ കബളിപ്പിച്ചതോടെ യാത്ര കെഎസ്ആര്‍ടിസി ബസ്സിലാക്കി. ഇങ്ങനെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മല്‍സരങ്ങളില്‍ പങ്കെടുക്കാനായതിന്റെ ആശ്വാസത്തില്‍ മടങ്ങാനൊരുങ്ങുമ്പോഴാണ് യാത്രാപ്രശ്‌നം വീണ്ടും പ്രതിസന്ധിയായെത്തുന്നത്. 19 കുട്ടികളും നാല് അധ്യാപകരുമടങ്ങുന്ന 23 അംഗ സംഘമാണ് ദ്വീപില്‍ നിന്നെത്തിയത്. ആന്ത്രോത്ത് പിഎം സഈദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെന്ററില്‍ നിന്നും കവരത്തി സെന്‍ട്രല്‍ ബിഎഡ് കോളജില്‍ നിന്നുമുള്ളവരാണിവര്‍. 12 സ്റ്റേജിതര ഇനങ്ങളിലും മൈം, ഒപ്പന എന്നിവയിലുമാണ് ഇവര്‍ മാറ്റുരയ്ക്കുന്നത്. ലക്ഷദ്വീപുകളില്‍ നടക്കേണ്ട ഇ-സോണ്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാത്തതിനാല്‍ യൂനിവേഴ്‌സിറ്റി യൂനിയനു നേരിട്ട് ദ്വീപിലെത്തി സ്‌ക്രീനിങ് നടത്തി അറുപതോളം മത്സരാര്‍ഥികളെ ഇന്റര്‍സോണിലേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, കോല്‍ക്കളി ഉള്‍പ്പെടെയുള്ള പ്രധാന മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട പലരും ചെലവിനുള്ള ഫണ്ട് കിട്ടാതിരുന്നതിനാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കി. ലക്ഷദ്വീപിന്റെ തനത് കലയായ ഡോലിപ്പാട്ട് ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതിന് കഴിയാത്തതിന്റെ വിഷമം കുട്ടികളുടെ മനസ്സിലുണ്ട്. ഇനി സമാപന ദിവസമെങ്കിലും തങ്ങളുടെ ജീവതാളമായ നാടന്‍കല അവതരിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണിവര്‍. അതിനിടെ കഴിഞ്ഞ ദിവസം 2,92,730 രൂപ ഫണ്ട് അനുവദിച്ചുകൊണ്ട് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറിയിപ്പ് വന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പണം കിട്ടിയതിന്റെ ആശ്വാസമുണ്ടെങ്കിലും മടക്കയാത്ര എന്നാണെന്നറിയാന്‍ കാത്തിരിക്കുകയാണ് ലക്ഷദ്വീപ് സംഘം.
Next Story

RELATED STORIES

Share it