തിരിച്ചറിയല്‍ പരേഡിന് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി

കൊച്ചി: അമീറുല്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റേ് ഷിബു ഡാനിയേലിനെ ചുമതലപ്പെടുത്തി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് അജികുമാര്‍ ഉത്തരവിട്ടു. തിരിച്ചറിയല്‍ പരേഡ് നടത്തുന്നത് സംബന്ധിച്ച് മജിസ്‌ട്രേറ്റിന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് മൂന്നു ദിവസങ്ങള്‍കൊണ്ടു പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനു ശേഷം മാത്രമേ പ്രതിയെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാനാവൂവെന്നും എത്രയുംപെട്ടന്ന് തിരിച്ചറിയല്‍ പരേഡിന് അനുമതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി തിരിച്ചറിയല്‍ പരേഡിനുള്ള ഉത്തരവിടുകയായിരുന്നു.
പ്രതിയെ പോലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്ത് തെളിവുകള്‍ കണ്ടെത്തുന്നതിന് ആദ്യ റിമാന്‍ഡ് കാലയളവില്‍ മാത്രമേ കഴിയുകയുളളൂ. അമീറിനെ മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കുന്നത് ഇയാളുടെ തിരിച്ചറിയല്‍ പരേഡ് നടന്നതിനു ശേഷമേ സാധ്യമാവുകയുള്ളൂ. ഏകദേശം 20 പേരെയാണ് തിരിച്ചറിയല്‍ പരേഡിനായി സമന്‍സ് അയച്ച് വിളിച്ചുവരുത്താന്‍ തീരുമാനിച്ചിട്ടുളളതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ജിഷയുടെ അയല്‍വാസികളെയും പ്രതിയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നവരെയും ഇയാളുടെ കരാറുകാരനെയും ആവും പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിയല്‍ പരേഡിനായി വിളിച്ചുവരുത്തുക. തിരിച്ചറിയല്‍ പരേഡിനായി ആര്‍ക്കൊക്കെയാണ് സമന്‍സ് അയക്കുകയെന്ന വിവരം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it