തിരിച്ചടി തുടര്‍ക്കഥ; ചെങ്കോട്ടയില്‍  സിപിഎം നിലയില്ലാക്കയത്തില്‍

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കോടതികളില്‍ നിന്നുള്ള തിരിച്ചടികള്‍ തുടര്‍ക്കഥയായതോടെ ചെങ്കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരില്‍ സിപിഎം നിലയില്ലാക്കയത്തില്‍. ഏറ്റവുമൊടുവില്‍ കതിരൂര്‍ മനോജ് വധക്കേസിലാണ് സിപിഎം കണ്ണൂര്‍ ലോബിക്ക് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി പരാമര്‍ശമുണ്ടായത്. ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എല്ലാവിധ പ്രതിരോധങ്ങളും തകര്‍ന്ന അവസ്ഥയിലാണ് ജില്ലാ നേതൃത്വം.
ജയരാജനെതിരായ നീക്കത്തിനു പിന്നില്‍ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും ഒത്തുകളിയാണെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഴികള്‍ക്കുള്ളിലായാല്‍ അത് തിരഞ്ഞെടുപ്പിനെ എപ്രകാരം ബാധിക്കുമെന്ന് കണ്ടറിയേണ്ടി വരും.
ആര്‍എസ്എസ് ആക്രമണത്തില്‍ തലനാരിഴയ്ക്കു ജീവന്‍ രക്ഷപ്പെട്ട പി ജയരാജനെ സിപിഎമ്മിന്റെ ശക്തനായ ജില്ലാ സെക്രട്ടറിമാരില്‍ ഒരാളാക്കിയതും കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം തന്നെ. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി നിയമക്കുരുക്കുകള്‍ മുറുകിയതോടെ ജയരാജനും സിപിഎം ജില്ലാ നേതൃത്വവും ആശങ്കയുടെ മുള്‍മുനയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയ സിപിഎമ്മിന് കോടതിവിധികള്‍ അപ്രതീക്ഷിത തിരിച്ചടിയായി. ഫസല്‍-ഷുക്കൂര്‍-മനോജ് വധക്കേസുകളില്‍ സിപിഎം നേതൃത്വം അകപ്പെട്ടത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് സിപിഎം.
കഴിഞ്ഞ ദിവസം പുറത്തായ കുമ്മനം രാജശേഖരന്റെ കത്ത് മനോജ് വധക്കേസില്‍ ആര്‍എസ്എസ് ദേശീയ നേതൃത്വം ഇടപെട്ടെന്ന ആരോപണം ശരിവയ്ക്കുന്നു.
ഷുക്കൂര്‍ വധക്കേസിന്റെ ബുദ്ധികേന്ദ്രം പി ജയരാജനാണെന്നു ദിവസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതി തന്നെ പറയുകയുണ്ടായി. ഫസല്‍ വധക്കേസിലാവട്ടെ, ജില്ലയിലെ രണ്ടു പ്രമുഖ സിപിഎം നേതാക്കള്‍ എറണാകുളം വിട്ടു പോവാനാവാതെ പ്രതിക്കൂട്ടിലാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, തലശ്ശേരി നഗരസഭാ അധ്യക്ഷ സ്ഥാനങ്ങള്‍ നല്‍കി ഇരുവരെയും നാട്ടിലെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും അതും ഫലവത്തായില്ല. ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാതിരുന്നതോടെ, ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഇരുവര്‍ക്കും സ്ഥാനമൊഴിയേണ്ടി വന്നു. ടി പി വധക്കേസിലും സിബിഐ അന്വേഷണത്തിനു സാധ്യത തെളിയുമ്പോള്‍ അതും നീളുന്നത് സിപിഎം കണ്ണൂര്‍ ലോബിയിലേക്കും പി ജയരാജനിലേക്കും തന്നെയാണ്.
Next Story

RELATED STORIES

Share it