Districts

തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ മുസ്‌ലിം ലീഗ് നേതാവ് മരിച്ചു

തളിപ്പറമ്പ്: തദ്ദേശഭരണ തിരഞ്ഞെടുപ്പിനിടെ തളിപ്പറമ്പ് ഏഴാംമൈലില്‍ സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷത്തില്‍ പരിക്കേറ്റ ലീഗ് പ്രാദേശിക നേതാവ് മരിച്ചു. ഫാറൂഖ്‌നഗര്‍ സ്വദേശിയും ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഖജാഞ്ചിയുമായ കെ വി എം കുഞ്ഞി (56)യാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മംഗലാപുത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംഘര്‍ഷത്തില്‍ കുഞ്ഞിയെക്കൂടാതെ എട്ടുപേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. ഇവര്‍ ചികില്‍സയിലാണ്. വോട്ടെടുപ്പ് ദിവസം വൈകീട്ടായിരുന്നു സംഘര്‍ഷം. പോളിങ് സ്‌റ്റേഷനായ മമ്പറമ്പ് എഎല്‍പി സ്‌കൂളില്‍നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ലീഗുകാരും സിപിഎം പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ വി മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ സഹോദരീപുത്രനും പരേതനായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനുമാണ്. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഇസ്മായില്‍, ഇര്‍ഷാദ്, ഇസ്ഹാഖ്, ആയിഷാബി. മരുമകന്‍: സിദ്ദീഖ്. സഹോദരങ്ങള്‍: കെ വി ഖാദര്‍, ഖദീജ, ആമിന, ഫാത്തിമ, നബീസ.
Next Story

RELATED STORIES

Share it