Alappuzha local

തിരഞ്ഞെടുപ്പ്: വിവി പാറ്റ് മെഷീനുകളുടെ പരിശോധന തുടങ്ങി

ആലപ്പുഴ: വോട്ടര്‍ക്ക് തല്‍സമയം തന്നെ വോട്ട് ആര്‍ക്കു ചെയ്‌തെന്നു പരിശോധിക്കാന്‍ സംവിധാനമുള്ള വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎറ്റി) യന്ത്രങ്ങളുടെ പരിശോധന സിവില്‍ സ്‌റ്റേഷനില്‍ ആരംഭിച്ചു. ജില്ലയില്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ 153 ബൂത്തുകളിലാണ് വിവി പാറ്റ് സംവിധാനമുള്ള വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നത്.
ബാലറ്റ് യൂനിറ്റില്‍ വോട്ട് ചെയ്യുമ്പോള്‍ തന്നെ തൊട്ടടുത്തുള്ള മെഷീനില്‍ ആര്‍ക്ക് വോട്ടുചെയ്തു എന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് വ്യക്തമായി തെളിയും. ഈ സ്ലിപ്പില്‍ വോട്ടുചെയ്ത സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പര്‍, പേര്, ചിഹ്നം എന്നിവ തെളിഞ്ഞുകാണാം. നിശ്ചിത സെക്കന്റ് കഴിഞ്ഞാല്‍ സ്ലിപ്പ് പ്രിന്ററിന് താഴെത്തന്നെയുള്ള സ്ഥലത്ത് ശേഖരിക്കപ്പെടും.
വോട്ടര്‍ക്ക് ആര്‍ക്ക് വോട്ടുചെയ്തു എന്നു വ്യക്തമാക്കുന്ന സ്ലിപ്പ് കാണാമെങ്കിലും പ്രിന്റ് ഔട്ട് ലഭിക്കില്ല. വിവി പാറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നേരിട്ടെത്തി പരിശോധിച്ചു.
190 മെഷീനുകള്‍ ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തി
യാവുമെന്ന് യന്ത്രങ്ങളുടെ നോഡല്‍ ഓഫിസര്‍ പറഞ്ഞു. ഇന്ത്യന്‍ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ നിര്‍മിച്ച യന്ത്രം 2011ലാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.
2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എട്ട് മണ്ഡലങ്ങളില്‍ വിവി പാറ്റ് ഉപയോഗിച്ചു. ബാലറ്റ് യൂനിറ്റിനും കണ്‍ട്രോള്‍ യൂനിറ്റിനും ഒപ്പം സ്ലിപ്പ് പ്രിന്റ് ചെയ്ത് കാണിക്കുന്ന യന്ത്രം കൂടി ഘടിപ്പിക്കുന്നതാണ് പുതിയ സംവിധാനം.
പ്രശ്‌നസാധ്യതാ ബൂത്തുകള്‍; രാഷ്ട്രീയപാര്‍ട്ടി യോഗം 15ന്
ആലപ്പുഴ: കേരള നിയമസഭയിലേക്ക് ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് സുഗമവും സമാധാനപരവുമായി നടത്തുന്നതിന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 15ന് വൈകീട്ട് മൂന്നിന് വരണാധികാരിയായ ആലപ്പുഴ സബ് കലക്ടറുടെ കാര്യാലയത്തില്‍ ചേരും.
മണ്ഡലത്തിലെ പ്രശ്‌നസാധ്യതാ പോളിങ് സ്‌റ്റേഷനുകള്‍ കണ്ടെത്തുന്നതിനും അസൗകര്യമുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ മാറ്റി പകരം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തോടുകൂടിയവ തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നതിനുമായാണ് യോഗം.
Next Story

RELATED STORIES

Share it