തിരഞ്ഞെടുപ്പ്; വനിതകള്‍ക്ക് കോണ്‍ഗ്രസ് കൂടുതല്‍ അവസരം നല്‍കും

ന്യൂഡല്‍ഹി: അസം, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിനെ അനുകൂലിക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയിലെ ചിലരുടെ പുരുഷാധിപത്യ താല്‍പ്പര്യങ്ങള്‍ ഇതിനു തടസ്സമാവുകയാണെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശോഭ ഓഝ പറഞ്ഞു.
എന്നാല്‍ അടുത്തിടെ നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളുടെ പ്രകടനം കാരണം സാഹചര്യങ്ങളില്‍ മാറ്റംവന്നിട്ടുണ്ട്. മികച്ച വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പ്രാദേശികതലം മുതല്‍ പ്രവര്‍ത്തനം നടത്തുകയാണ്. ബിഹാറിലെ വനിതാ സ്ഥാനാര്‍ഥികള്‍ക്കു സ്വത്വ രാഷ്ട്രീയത്തെ മറികടക്കാനും ജനങ്ങളുമായി ഭരണസംബന്ധമായ വിഷയങ്ങളില്‍ ബന്ധപ്പെടാനും സാധിച്ചുവെന്നും ശോഭാ ഓഝ പറഞ്ഞു.
ബിഹാറില്‍ കോണ്‍ഗ്രസ് മല്‍സരിച്ച 43 സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ വനിതാ സ്ഥാനാര്‍ഥികളായിരുന്നു. ഇതില്‍ നാലുപേരും വിജയിച്ചു. ഇതില്‍ അമിത ഭൂഷണ്‍ എന്ന സ്ഥാനാര്‍ഥി ബിജെപിയുടെ പുരുഷ സ്ഥാനാര്‍ഥിയെ 17,000 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
എളുപ്പമല്ലാത്ത സീറ്റുകളിലാണ് പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാറുള്ളത്. എന്നാല്‍ അമിത ഭൂഷണിന്റെ സ്ഥാനാര്‍ഥിത്വം ഇതിനു വിപരീതമായിരുന്നു. വനിതാ സ്ഥാനാര്‍ഥികള്‍ക്കു മികച്ച രീതിയിലുള്ള പൊതുപിന്തുണ ആര്‍ജിക്കാന്‍ പറ്റുമെന്ന് അവരുടെ വിജയം തെളിയിച്ചുവെന്നും ഓഝ പറഞ്ഞു.
തനിക്ക് അനുകൂലമായി വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ ധാരാളം പ്രചാരണപരിപാടികള്‍ വേണ്ടിവന്നതായി അമിത ഭൂഷണ്‍ പറഞ്ഞു. മണ്ഡലത്തില്‍ നിരവധി തവണ പര്യടനം നടത്തി. ക്ഷേമ നയങ്ങളെക്കുറിച്ചും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഉത്തരവാദിത്തം സംബന്ധിച്ചും ജനങ്ങളെ കണ്ട് സംസാരിച്ചു. ജാതി-മതം എന്നിവ അനുബന്ധിച്ചല്ല ചര്‍ച്ചകള്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.
അടുത്തിടെ ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ബിഹാറില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഗുജറാത്തില്‍ 65 ശതമാനം വനിതാ പ്രാതിനിധ്യമാണു തിരഞ്ഞെടുപ്പില്‍ നല്‍കിയത്. രാഷ്ട്രീയത്തിലെ ഗുണ്ടാ സംസ്‌കാരത്തെ പരാജയപ്പെടുത്താന്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്കു കഴിയുമെന്നും ഔഝ പറഞ്ഞു.
Next Story

RELATED STORIES

Share it