Editorial

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നയപ്രഖ്യാപനം

മൂന്നുമാസത്തിനിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള നയപ്രഖ്യാപനമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഇന്നലെ സഭയില്‍ ഗവര്‍ണര്‍ നടത്തിയത്. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ സര്‍ക്കാര്‍ യാതൊരു പിശുക്കും കാണിക്കുന്നില്ല. പദ്ധതികളും ക്ഷേമപരിപാടികളും ധാരാളം. ഇതെല്ലാം മൂന്നുമാസത്തിനപ്പുറം അധികാരപരിധിയില്ലാത്ത ഈ സര്‍ക്കാര്‍ എങ്ങനെ നടപ്പാക്കുമെന്ന ചോദ്യം ചോദിക്കുന്നതില്‍ അര്‍ഥമില്ല. തിരഞ്ഞെടുപ്പുകാലത്ത് നല്‍കപ്പെടുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ലെന്ന് അനുഭവംകൊണ്ടു ജനങ്ങള്‍ക്കു പൂര്‍ണ ബോധ്യമാണ്. അത്തരം വാഗ്ദാനങ്ങളുടെ ശവപ്പറമ്പിലേക്ക് പുതിയൊരു ഇനം കൂടി എന്നു മാത്രമേ നയപ്രഖ്യാപന പ്രസംഗത്തിലെ വാഗ്ദാനപ്പെരുമഴ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന ആരും കരുതുകയുള്ളൂ. അതിനാല്‍ ഓരോ വാഗ്ദാനവും സംബന്ധിച്ച ഗൗരവതരമായ ഒരു പര്യാലോചനയ്ക്ക് ഇത്തരുണത്തില്‍ ഒട്ടും പ്രസക്തിയില്ല.
അതേസമയം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റും നയപ്രഖ്യാപനവുമാണ് ഇത്തവണത്തേത് എന്നതിനാല്‍ നാലരവര്‍ഷത്തെ ഭരണനേട്ടങ്ങളെ പരിശോധിക്കുന്നത് നല്ലതാണ്. തങ്ങളുടെ ഭരണകാലയളവില്‍ കൈവരിച്ച കുറേ നേട്ടങ്ങളും നടപ്പാക്കിയെടുത്ത പദ്ധതികളും പ്രസംഗത്തില്‍ വിവരിക്കുന്നുണ്ട്. ഈ വികസനപദ്ധതികളില്‍ പലതും കേരളത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് പ്രയോജനപ്രദമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൊച്ചി മെട്രോ പദ്ധതി മുതല്‍ ഉത്തര കേരളത്തിലെ പുതിയ വിമാനത്താവളം വരെയുള്ള പുത്തന്‍ വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ഭാവി സാമ്പത്തികവളര്‍ച്ചയ്ക്ക് രാസത്വരകമാവും എന്ന പ്രതീക്ഷ അസ്ഥാനത്തല്ല. വിഴിഞ്ഞം തുറമുഖംപോലുള്ള പദ്ധതികളെ സംബന്ധിച്ച് ഇന്നു നിലനില്‍ക്കുന്ന വിമര്‍ശനങ്ങളും ആശങ്കകളും സംഗതമാണെങ്കിലും ഭാവിയില്‍ ഏഷ്യന്‍ മേഖലയിലെ സമുദ്ര വാണിജ്യ വികസനത്തിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ അത് വന്‍ സാധ്യതകള്‍ തുറന്നുതരും എന്ന പ്രതീക്ഷയും അസ്ഥാനത്തല്ല. ഐടി രംഗത്ത് വന്‍ കുതിപ്പ് ആര്‍ജിച്ചെടുക്കാന്‍ സ്മാര്‍ട്ട്‌സിറ്റി പോലെയുള്ള പദ്ധതി പ്രായോഗികമായി നടപ്പാക്കുന്നതിലൂടെ കഴിഞ്ഞെന്നും വരാം.
പക്ഷേ, ഭരണരംഗത്ത് മുന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രകടനം എത്രത്തോളം മെച്ചമാണെന്ന് പരിശോധിച്ചാല്‍ അത്ര മെച്ചപ്പെട്ട ഒരു ചിത്രം കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല എന്നുതന്നെ വിലയിരുത്തേണ്ടിവരും. ഇന്നു കൈവരിച്ച നേട്ടങ്ങളില്‍ പലതിനും തുടക്കമിട്ടത് കഴിഞ്ഞ സര്‍ക്കാരാണ്. ഇന്നത്തെ സര്‍ക്കാരിന്റേതിനേക്കാള്‍ മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്റ് നടത്തിയ സര്‍ക്കാരാണ് തൊട്ടുമുമ്പിലേത് തുടങ്ങിയ വസ്തുതകള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. അഴിമതിയുടെ പേരില്‍ പുറത്തുപോവേണ്ടിവന്ന ഒരു ധനമന്ത്രിക്കു പകരം മുഖ്യമന്ത്രി തന്നെ ബജറ്റവതരണ ചുമതലയും ഇത്തവണ നിര്‍വഹിക്കുന്നു എന്നതില്‍ നിന്നു തന്നെ കാര്യങ്ങളുടെ കിടപ്പ് എത്രമാത്രം ദയനീയമാണെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it