malappuram local

തിരഞ്ഞെടുപ്പ്: യോഗങ്ങള്‍ക്കും ജാഥകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം

മലപ്പുറം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളും ജാഥകളും നടത്തുമ്പോള്‍ ക്രമസമാധാന പാലനത്തിനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമായി സ്ഥലവും സമയവും സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ അറിയിക്കണം. യോഗവും ജാഥയും ഉദ്ദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടാവരുത്. യോഗം അലങ്കോലപ്പെടുത്തുകയോ മറ്റ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഡ്യൂട്ടിയിലുള്ള പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തണം. ഗതാഗത തടസമുണ്ടാക്കാത്ത വിധത്തില്‍ ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടിയെടുക്കണം. റോഡിന്റെ വലതുവശത്ത് വരുന്ന തരത്തില്‍ ജാഥകള്‍ ക്രമപ്പെടുത്തണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരേ സമയം ഒരേ വഴിയില്‍ ജാഥ നടത്തുകയാണെങ്കില്‍ സംഘാടകര്‍ മുന്‍കൂറായി പരസ്പരം ബന്ധപ്പെടുകയും ജാഥകള്‍ തമ്മിലുള്ള സംഘട്ടനവും ഗതാഗത തടസവും ഒഴിവാക്കുന്നതിനുള്ള നടപടിയെടുക്കണം. ദുരുപയോഗം ചെയ്യാവുന്ന തരത്തില്‍ ആയുധങ്ങളോ മറ്റ് വസ്തുക്കളോ ജാഥയില്‍ അണിനിരക്കുന്നവരുടെ കൈവശ മില്ലെന്ന് ഉറപ്പാക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരുടെ കോലങ്ങള്‍ കൊണ്ടുപോവുന്നതും കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും പ്രോത്സാഹിപ്പിക്കരുത്. വ്യക്തികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിന് അവരുടെ വീടിന് മുമ്പില്‍ പ്രകടനങ്ങളും പിക്കറ്റും നടത്തരുത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടിയുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്.
ഒരു പാര്‍ട്ടിയുടെ യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൂടെ മറ്റൊരു പാര്‍ട്ടി ജാഥ നടത്തരുത്. ഒരു പാര്‍ട്ടി ഒട്ടിച്ചിട്ടുള്ള ചുമര്‍ പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it