Kerala

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം; പോരാട്ടം ജനറല്‍ കണ്‍വീനര്‍ക്ക് എതിരേ യുഎപിഎ പ്രകാരം കേസ്‌

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം; പോരാട്ടം ജനറല്‍ കണ്‍വീനര്‍ക്ക് എതിരേ യുഎപിഎ പ്രകാരം കേസ്‌
X
UAPA

മാനന്തവാടി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ പോരാട്ടം ജനറല്‍ കണ്‍വീനര്‍ മാനന്തവാടി സ്വദേശി പി പി ഷാന്റോ ലാലിനെതിരേ പോലിസ് യുഎപിഎ പ്രകാരം കേസെടുത്തു. പതിച്ച പോസ്റ്ററുകളില്‍ ഷാന്റോ ലാലിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. തൃശൂരിലും തൊണ്ടര്‍നാട്, കുഞ്ഞോം, മട്ടിലയം എന്നിവിടങ്ങളിലുമാണ് പോരാട്ടത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഷാന്റോ ലാലിനെ അറസ്റ്റ് ചെയ്യാനായി നിരവധി തവണ പോലിസ് വീട്ടിലെത്തിയിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസിന്റെ നിഗമനം. അതിനിടെ, പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി എ അജിതന്‍, സാബു, ഗൗരി, കെ ചാത്തു, ദിലീപ് എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരേ പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നു ഷാന്റോലാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയ സാമ്രാജ്യത്വ വികസന നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും ഷാന്റോ ലാല്‍ ആവശ്യപ്പെട്ടു. കാര്‍ഷിക സമ്പദ്ഘടനയെ കൈയൊഴിഞ്ഞ് ആഗോള സാമ്രാജ്യത്വ സമ്പദ്ഘടനയ്ക്ക് കേരളത്തെ സേവനകേന്ദ്രമാക്കി മാറ്റാനാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനായി കേരളത്തിന്റെ മണ്ണും പുഴയും പ്രകൃതിവിഭവങ്ങളും കുത്തകകള്‍ക്ക് തീറെഴുതുകയാണ്. ജനാധിപത്യത്തിലേക്കുള്ള പാത ബാലറ്റുകളല്ല, ജനകീയ പോരാട്ടങ്ങളാണെന്നും പോരാട്ടം വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മാനന്തവാടി ടൗണിന്റെ വിവിധ ഭാഗങ്ങളിലും പോരാട്ടത്തിന്റെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it