തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

കൊച്ചി: തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് പോരാട്ടം പ്രവര്‍ത്തകരായ സി എ അജിതന്‍, സാബു, ചാത്തു, ഗൗരി എന്നിവരെയും പാഠാന്തരം മാസിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ദിലീപിനെയും ഭീകരവിരുദ്ധ നിയമമായ യുഎപിഎ ഉപയോഗിച്ച് തടവിലടച്ച ഭരണകൂട നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡോ. ജെ ദേവിക(ഗവേഷക), മീന കന്തസ്വാമി(സാഹിത്യകാരി), പ്രഫ. എ കെ രാമകൃഷ്ണന്‍(ഡല്‍ഹി യൂനിവേഴ്‌സിറ്റി), ടി ടി ശ്രീകുമാര്‍(സാമൂഹിക നിരീക്ഷകന്‍), സുനില്‍ പി ഇളയിടം(സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകന്‍), ഡോ. ബിജു(സിനിമ സംവിധായകന്‍), എ എസ് അജിത്കുമാര്‍(സാമൂഹിക പ്രവര്‍ത്തകന്‍), നജ്മല്‍ ബാബു(സാമൂഹിക പ്രവര്‍ത്തകന്‍), പി കെ പോക്കര്‍(സാമൂഹിക പ്രവര്‍ത്തകന്‍), കെ എം സലിംകുമാര്‍(ദലിത് സാമൂഹിക പ്രവര്‍ത്തകന്‍), അഡ്വ. പി എ പൗരന്‍(പിയുസിഎല്‍), പ്രിയനന്ദനന്‍(സിനിമ സംവിധായകന്‍), നിഖില ഹെന്‍ട്രി(പത്രപ്രവര്‍ത്തക), റെനി ഐലിന്‍(എന്‍സിഎച്ച്ആര്‍ഒ), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) എന്നിവര്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശം പോലെതന്നെ നിയമപരമായി അംഗീകരിക്കപ്പെട്ടതാണ് വോട്ടുചെയ്യാതിരിക്കാനുള്ള അവകാശവുമെന്ന് ഉന്നത നീതിപീഠം പിയുസിഎല്‍ നല്‍കിയ പിയുസിഎല്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രചാരണം നടത്തുന്നതുപോലെതന്നെ വോട്ടുചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് പ്രചാരണം നടത്താനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശമാണ് പോരാട്ടം എന്ന സംഘടന വോട്ടുബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടു വിനിയോഗിച്ചിട്ടുള്ളത്. എന്നാല്‍, ആശയപ്രചാരണത്തിനുള്ള മൗലികാവകാശത്തെ ലംഘിച്ചുകൊണ്ട് ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി അജിതനെയും സാബുവിനെയും ചാത്തുവിനെയും ഗൗരിയെയും തടവിലാക്കിയിരിക്കുകയാണ്. പെരുമ്പാവൂരില്‍ ജിഷ എന്ന ദലിത് പെണ്‍കുട്ടി അരുംകൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനെത്തിയ ദിലീപിനെ അജിതനോടൊപ്പം കസ്റ്റഡിയിലെടുത്ത് കേസിലുള്‍പ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്. യുഎപിഎ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നത് കടുത്ത ആശങ്കയുളവാക്കുന്നതാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഇത്തരം നീക്കങ്ങളില്‍നിന്ന് ഭരണകൂടം പിന്തിരിയണമെന്നും യുഎപിഎ പ്രകാരം അറസ്റ്റുചെയ്യപ്പെട്ട് തടവില്‍കഴിയുന്ന അജിതനെയും സാബുവിനെയും ചാത്തുവിനെയും ഗൗരിയെയും ദിലീപിനെയും നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it