malappuram local

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികള്‍ ഈങ്ങാറില്‍

എടക്കര: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകളുമായി ആറംഗ മാവോവാദി സംഘം ഈങ്ങാറിലെത്തിയതായി പോലിസ്. കരുളായി ഉള്‍വനത്തിലുള്ള മുണ്ടക്കടവ്, പൂളക്കപ്പാറ എന്നിവിക്കിടയിലുള്ള വനമേഖലയാണ് ഈങ്ങാര്‍. ഈങ്ങാറില്‍ ആദിവാസികളുടെ ഉല്‍സവം ഏപ്രില്‍ മാസത്തില്‍ നടക്കാറുണ്ട്. ഉല്‍സവ സമയമായതിനാല്‍ മേഖലയിലെ വിവിധ കോളനികളില്‍ നിന്നുള്ള ആദിവാസികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മാവോവാദികള്‍ സ്ഥലത്തെത്തിയതെന്ന് കരുതുന്നു.
വിവരമറിഞ്ഞ് പോലിസിന്റെ പ്രത്യേകസേന സ്ഥലത്തെത്തി വിതരണം ചെയ്ത ലഘുലേഖകളും മറ്റും പിടിച്ചെടുത്തു. എടക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈങ്ങാര്‍. ശനിയാഴ്ച രാവിലെയാണ് മാവോവാദികള്‍ ഇവിടെയെത്തിയത്. വയനാട് സ്വദേശിയായ സോമനുള്‍പ്പെടെയുള്ള സംഘമാണ് വന്നതെന്നാണ് പോലിസിന്റെ നിഗമനം. ഇന്ത്യയിലെ ജനാധിപത്യം ഇവിടുത്തെ സമ്മതിദായകര്‍ക്ക് എന്ത് നല്‍കിയെന്ന് പരിശോധിച്ചിട്ടുവേണം അടുത്ത തിരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനമെടുക്കേണ്ടതെന്ന് ലഘുലേഖയില്‍ പറയുന്നു. ഗ്രാമസഭകളിലൂടെ അധികാരം വികേന്ദ്രീകരിക്കപ്പെട്ടുവെന്നാണ് നമ്മുടെ സങ്കല്‍പ്പം. എന്നാല്‍, പലപ്പോഴും ഗ്രാമസഭകളെ നോക്കുകുത്തിയാക്കി കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി വന്‍കിട പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയാണുള്ളത്. വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ സാധാരണക്കാരെ ജനമധ്യത്തില്‍ മോശക്കാരാക്കുന്നു. പ്രതിദിനം 20 രൂപ പോലും വരുമാനമില്ലാത്തവര്‍ ഏറെയുള്ളപ്പോള്‍ വന്‍കിടക്കാര്‍ പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. വര്‍ഗീയതയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചിരിക്കയാണ്. ജനാധിപത്യ ഭരണകൂടും പുതുതലമുറയിലെ പൗരന്‍മാരെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ജെഎയുവിലെ വിദ്യാര്‍ഥികളുടെ അറസ്റ്റെന്നും സ്ത്രീകളുടെ അരക്ഷിതമായ ജീവിതത്തിന് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലെന്നതിന്റെ തെളിവുകള്‍ ധാരാളമാണെന്നും ലഘുലേഖയില്‍ പറയുന്നു. സ്വകാര്യ പണമിടപാടുകാരും പുതുതലമുറ ബാങ്കുകളും രാജ്യത്ത് സമാന്തരഭരണമാണ് നടത്തുന്നത്. അന്താരാഷ്ട്ര വാണിജ്യ-വ്യവസായ കരാറുകള്‍ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. വിലക്കയറ്റം കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സകല മര്യാദകളും മാന്യതകളും കൈവിട്ടുകൊണ്ടാണ് മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിനൊരുങ്ങുന്നതെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു. ആദിവാസികളെ സമ്മര്‍ദ്ദത്തിലാക്കിയും ഭയപ്പെടുത്തിയും തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്തിക്കാന്‍ തണ്ടര്‍ബോള്‍ട്ടിനെയും കേന്ദ്രസേനയെയും ഉപയോഗിക്കുന്നു.
വോട്ടുചെയ്യാതിരിക്കാനുള്ള അവകാശത്തെ ഭീഷണികൊണ്ട് നേരിടുന്ന ജനാധിപത്യ വിരുദ്ധതയും ഇന്ത്യയില്‍ കാണുന്നതായി ലഘുലേഖയില്‍ സൂചിപ്പിക്കുന്നുണ്ട്. ജനവിരുദ്ധ സര്‍ക്കാരുകളെ തകര്‍ത്ത് പുത്തന്‍ ജനാധിപത്യപാതയിലേക്ക് മുന്നേറുന്നത് അരാജക വാദമല്ല.
ചൂഷകവര്‍ഗത്തിനെതിരേ നടത്തുന്ന വിപ്ലവമാണതെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലൂടെയല്ല രണോത്സുക പോരാട്ടങ്ങളിലൂടെയാണ് നമ്മുടെ ജീവിതം തിരച്ചുപിടിക്കേണ്ടത് എന്നും മാവോവാദികള്‍ ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പോരാട്ടങ്ങളില്‍ ഐക്യപ്പെടണമെന്നാണ് നാടുകാണി ഏരിയാ സമിതി സിപിഐ(മാവോയിസ്റ്റ്) എന്ന പേരിലിറക്കിയ ലഘുലേഖയില്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it