തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകും: കെ എം മാണി

കോട്ടയം: തിരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരില്‍ പണം നല്‍കിയാല്‍ അതെങ്ങനെ ബാര്‍ കോഴയാകുമെന്ന് മുന്‍ ധനമന്ത്രി കെ എം മാണി. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് എട്ടു ബാറുകള്‍ നഷ്ടപ്പെട്ട മദ്യവ്യവസായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലായില്‍ കൊണ്ടുപോയി കെ എം മാണിക്ക് പണം നല്‍കിയെന്നാണ് പറഞ്ഞിട്ടുള്ളത്. തനിക്ക് ആരെങ്കിലും പണം തരുകയോ ഞാന്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഇനി അങ്ങനെ പണം തന്നിട്ടുണ്ടെങ്കില്‍ തന്നെ തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ ബാര്‍ കോഴയാകുമെന്നും അദ്ദേഹം ചോദിച്ചു. വെറുമൊരു ആരോപണത്തിന്റെ പേരില്‍ തനിക്കെതിരേ എഫ്‌ഐആര്‍ എടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആരോപണങ്ങളുടെ പേരില്‍ ആവശ്യമില്ലാതെയാണ് ഞാന്‍ രാജിവച്ചത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമില്ല. കേസില്‍ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയിട്ടും പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചു. തനിക്കിതിലൊന്നും പരാതിയില്ല. എന്റെ അഭാവത്തിലാണ് ഹൈക്കോടതിയില്‍നിന്ന് പരാമര്‍ശം ഉണ്ടായത്. ഇതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. കോടതി തന്നെ കുറ്റപ്പെടുത്തിയൊന്നും പറഞ്ഞിട്ടില്ല. വെറുതെയൊരു കമന്റ് കോടതി പറയുകയായിരുന്നു. എന്നാല്‍, സ്വതന്ത്രമായ അന്വേഷണത്തിനുവേണ്ടി മാത്രമാണ് രാജിവച്ചതെന്നും കെ എം മാണി പറഞ്ഞു.
Next Story

RELATED STORIES

Share it