kannur local

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഒഴുകുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കത്തിനില്‍ക്കെ രേഖകളില്ലാതെ കടത്തുന്ന പണത്തിന്റെ ഒഴുക്കും വന്‍തോതില്‍ കൂടുന്നു. സ്ഥാനാര്‍ഥികള്‍ ചെലവഴിക്കേണ്ട തുകയ്ക്ക് കണക്കുണ്ടെങ്കിലും വ്യാജ കണക്കുകളാണു പലപ്പോഴും അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്. ബ്രോഷറുകള്‍ മുതല്‍ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളും വീഡിയോ പ്രദര്‍ശനം വരെ സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്നുണ്ട്.
മാത്രമല്ല, മുന്നണികള്‍ പ്രചാരണത്തിനെത്തുന്ന പ്രവര്‍ത്തകര്‍ക്കു പണം നല്‍കുന്നതായും ആക്ഷേപമുണ്ട്. ചെറു പാര്‍ട്ടികള്‍ മാത്രമാണ് പ്രചാരണത്തില്‍ മിതത്വം പാലിക്കുന്നത്. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പണക്കൊഴുപ്പില്‍ മുങ്ങിയിരിക്കുകയാണ് പ്രചാരണം. കഴിഞ്ഞ ദിവസം മാത്രം വിവിധ മണ്ഡലങ്ങളില്‍ നിന്നായി ലക്ഷങ്ങളാണ് അധികൃതര്‍ പിടികൂടിയത്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം അഴീക്കോട് മണ്ഡലത്തില്‍ നിന്ന് 3.———73 ലക്ഷം രൂപ പിടികൂടി. വളപട്ടണം ഹൈവേയില്‍ വാഹനത്തില്‍ നിന്നാണ് രേഖകളില്ലാത്ത 2,23,000 രൂപ പിടികൂടിയത്. എം വിനോദ് കുമാര്‍, വി പി ഷഹനാദ്, ലെനിസ് മാത്യു, മുഹമ്മദ് ഇസ്ഹാഖ്, എഎസ്‌ഐ പി അനീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിന് സമീപം വാഹനത്തില്‍ നിന്ന് രേഖകളൊന്നുമില്ലാതെ കൈവശം വച്ചിരുന്ന ഒന്നര ലക്ഷം രൂപയും പിടികൂടി.
പരിശോധനയ്ക്കു ടീം അംഗങ്ങളായ കെ സി വിനോദ് കുമാര്‍, സി രഞ്ജിത്ത്, കെ വി ധനേഷ്, നിഷാന്ത് നേതൃത്വം നല്‍കി.—രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന എട്ടുലക്ഷം രൂപ തളിപ്പറമ്പ് മരത്തക്കാട് വച്ച് ഫഌയിങ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എ പി അസൈനാറും സംഘവുംപിടികൂടി. കെഎല്‍59എല്‍2000ഇന്നോവ കാറില്‍ പയ്യന്നൂര്‍ ഭാഗത്ത് കടത്തുകയായിരുന്ന പണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
എഎസ്‌ഐ ഗോപിനാഥന്‍, സര്‍വേയര്‍ മൊയ്തീന്‍, ഐസിഡിഎസ് ജീവനക്കാരന്‍ മൊയ്തീന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പിടിക്കപ്പെടുന്നത് അധികവും കുഴല്‍പണമാണെന്നാണ് കരുതുന്നത്. അതേസമയം പ്രബല പാര്‍ട്ടികള്‍ക്കെത്തിക്കുന്ന കള്ളപ്പണത്തിന്റെ ഒഴുക്ക് കൃത്യമായി തടയാന്‍ അധികൃതര്‍ക്കാവുന്നില്ലെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it