kasaragod local

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു; നേതാക്കള്‍ കൂട്ടത്തോടെ ജില്ലയിലേക്ക്

കാസര്‍കോട്: നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തിന്റെ ഭാവി തീരുമാനിക്കാന്‍ ഒരുമാസംമാത്രം ബാക്കിയിരിക്കെ ഇരുമുന്നണിയും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖും സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു, ബിജെപിയിലെ കെ സുരേന്ദ്രന്‍ എന്നിവരാണ് ഇവിടെ മാറ്റുരക്കുന്നത്.
കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ബിജെപിയിലെ രവീശ തന്ത്രി കുണ്ടാര്‍, എല്‍ഡിഎഫിലെ ഡോ. എ എ അമീന്‍ എന്നിവരാണ് രംഗത്തുള്ളത്. ഉദുമയില്‍ സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമന്‍, യുഡിഎഫിലെ കെ സുധാകരന്‍, ബിജെപിയിലെ കെ ശ്രീകാന്ത്, എസ്ഡിപിയിലെ മുഹമ്മദ് പാക്യാര എന്നിവരും മല്‍സര രംഗത്തുണ്ട്. കാഞ്ഞങ്ങാട് സിറ്റിങ് എംഎല്‍എ ഇ ചന്ദ്രശേഖരന്‍, യുഡിഎഫിലെ ധന്യാസുരേഷ്, ബിഡിജെഎസിലെ എം പി രാഘവന്‍ എന്നിവരാണ് മല്‍സരിക്കന്നത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ എം രാജഗോപാലനും യുഡിഎഫിലെ കെ പി കുഞ്ഞിക്കണ്ണനും മല്‍സരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ 20ന് ജില്ലയിലെത്തും.
രാവിലെ പത്തിന് കുമ്പളയില്‍ നിന്നാണ് തുടക്കം. വൈകിട്ട് മൂന്നിന് പാലക്കുന്നിലും അഞ്ചിന് ചിറ്റാരിക്കാലിലും വി എസ് പൊതുയോഗങ്ങളില്‍ സംസാരിക്കും.
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 23ന് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. വൈകിട്ട് നാലിന് കുറ്റിക്കോലിലും 5.15ന് ചുള്ളിക്കരയിലും രാത്രി ഏഴിന് പടന്നയിലും കോടിയേരി സംസാരിക്കും.
26ന് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും മെയ് ആറിന് പിണറായി വിജയനും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവരും ജില്ലയിലെത്തും. സിപിഐ നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരുമെത്തും. യുഡിഎഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇതിനകം പ്രചാരണത്തിനെത്തിയിട്ടുണ്ട്.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് ൈഹദരലി ശിഹാബ് തങ്ങള്‍, ഇ അഹമദ് എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി തുടങ്ങിയവരും ജില്ലയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് അറിയുന്നത്. കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ ഇപ്പോള്‍ തന്നെ ജില്ല കേന്ദ്രീകരിച്ച് പ്രചാരണത്തിലാണ്.
Next Story

RELATED STORIES

Share it