തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു: കേരളത്തില്‍ വോട്ടെടുപ്പ് മെയ് 16ന്; ഫലം 19ന്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായി മെയ് 16നാണ് വോട്ടെടുപ്പ്. മെയ് 19നാണ് എല്ലായിടത്തും വോട്ടെണ്ണല്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചു.
കേരളത്തില്‍ ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 30ന് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മെയ് രണ്ട്. 21ാം തിയ്യതിയോടെ തിരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയാവും.
17 കോടിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 824 നിയമസഭാ മണ്ഡലങ്ങളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം. 2,56,08,720 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. 21,498 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തോടൊപ്പം മെയ് 16നാണ് തിരഞ്ഞെടുപ്പ്. ബംഗാളില്‍ ആറും അസമില്‍ രണ്ടും ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തും.
ബംഗാളില്‍ രണ്ടു ഭാഗങ്ങളായാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ നാലിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിന്റെ രണ്ടാംഭാഗം ഏപ്രില്‍ 17ന് നടക്കും. ഏപ്രില്‍ 21, 25, 30, മെയ് 5 തിയ്യതികളില്‍ മറ്റുഘട്ട വോട്ടെടുപ്പ് നടക്കും. അസമില്‍ ഏപ്രില്‍ 4, 11 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. പോളിങുമായി ബന്ധപ്പെട്ട് ഇത്തവണ ചില പുതുമയാര്‍ന്ന സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വോട്ടര്‍പ്പട്ടികയില്‍ വോട്ടറുടെയും വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെയും ഫോട്ടോ ഉണ്ടാവും. കൂടാതെ, വോട്ടര്‍മാരുടെ നിഷേധവോട്ടായ നോട്ടയ്ക്ക് ചിഹ്‌നവും അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ 13ാം നിയമസഭയുടെ കാലാവധി മെയ് 31നാണ് അവസാനിക്കുക. അതിനു മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. തമിഴ്‌നാട് നിയമസഭയുടെ കാലാവധി മെയ് 22നും പശ്ചിമബംഗാളിന്റേത് മെയ് 29നും പുതുച്ചേരിയുടേത് ജൂണ്‍ രണ്ടിനും അസം നിയമസഭയുടെ കാലാവധി ജൂണ്‍ ആറിനും അവസാനിക്കും.
Next Story

RELATED STORIES

Share it