തിരഞ്ഞെടുപ്പ് നിലപാട്:  കാന്തപുരത്തിനെതിരേ മുസ്‌ലിംലീഗ് തുറന്ന പോരിന്; ലീഗ് മുഖപത്രത്തില്‍ കടുത്ത വിമര്‍ശനം 

സമീര്‍ കല്ലായി

മലപ്പുറം : കാന്തപുരം വിഭാഗം സുന്നികള്‍ക്കെതിരേ തുറന്ന പോരുമായി മുസ്‌ലിംലീഗ്. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ലീഗ് മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കാന്തപുരത്തെ തുറന്നെതിര്‍ക്കുന്നത്. സംഘപരിവാരത്തിനുവേണ്ടി ഒരു മുസ്‌ലിം പണ്ഡിതന്‍ ഇത്രയും തരംതാഴുന്ന കാഴ്ച ഇന്ത്യയില്‍ ആദ്യമായിരിക്കുമെന്നു പറയുന്ന മജീദ് താമരസുന്നികളെന്ന വിശേഷണം ചാര്‍ത്തിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
മഞ്ചേശ്വരത്ത് തമ്പടിച്ച് തങ്ങളുടെ സര്‍വ കേഡര്‍ വോട്ടുകളും ബിജെപിക്കു പോള്‍ ചെയ്യിച്ചത് കാന്തപുരത്തോട് ചെറിയ അനുഭാവമുള്ളവരെപ്പോലും ഞെട്ടിച്ചെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. കാന്തപുരം ഒഴികെയുള്ള സര്‍വ മുസ്‌ലിം സംഘടനകളും മതേതര സമൂഹവും ഒന്നിച്ചു നടത്തിയ കഠിന പ്രയത്‌നം കൊണ്ടുമാത്രമാണ് അത്യുത്തര കേരളത്തില്‍ സംഘപരിവാരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയത്. ചെങ്ങന്നൂരില്‍ കാന്തപുരത്തിന്റെ പിന്തുണ തനിക്കാണെന്ന് പി എസ് ശ്രീധരന്‍ പിള്ള പരസ്യമായി പറഞ്ഞിരുന്നു. മലപ്പുറം മണ്ഡലത്തിലെ ബാദുഷ തങ്ങള്‍ തനിക്ക് ഉസ്താദിന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞു. നരേന്ദ്ര മോദി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരാണെന്ന് ബിജെപി നേതാവ് പറഞ്ഞപ്പോള്‍ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. സ്വര്‍ഗത്തിലേ—ക്കുള്ള ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏല്‍പ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവര്‍ മോദിയുടെ പേര് കേട്ട് തക്ബീര്‍ ചൊല്ലിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും ലേഖനം പരിഹസിക്കുന്നുണ്ട്. മര്‍ക്കസ് ഒഴികെ മറ്റു മുസ്‌ലിം സംഘടനാ ആസ്ഥാനങ്ങളിലേക്ക് ആരും വോട്ടിനായി ചെല്ലാത്തത് അവിടെ വോട്ട് കച്ചവടമില്ലെന്ന തിരിച്ചറിവുകൊണ്ടാണ്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനം മുതല്‍ ആര്‍എസ്എസ് മുന്‍കൈ എടുത്തു സംഘടിപ്പിച്ച സൂഫി സമ്മേളനത്തിന്റെ നേതൃരംഗത്തെത്തിയതടക്കമുള്ള സംഗതികള്‍ സത്യം വെളിവാക്കുന്നുണ്ട്. ഗുജറാത്തില്‍ ആദ്യമായൊരു മുസ്‌ലിം സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി കാന്തപുരത്തിന് മാത്രമാണ് ലഭിച്ചത്. സ്‌പെയിനിലെപ്പോലെ മതപണ്ഡിതരെ കൈയിലെടുത്താലേ ഇസ്‌ലാമിനെ നശിപ്പിക്കാന്‍ പറ്റൂവെന്ന തിരിച്ചറിവാകണം മോദിയെ ഈ ചങ്ങാത്തത്തിന് പ്രേരിപ്പിച്ചത്. മോദി വഴി തന്റെ അക്കൗണ്ടില്‍ അഞ്ച് കോടി രൂപ എത്തിയെന്ന ആരോപണം നിഷേധിക്കാനോ കണക്കു പുറത്തുവിട്ട് സുതാര്യത ഉറപ്പു വരുത്താനോ കാന്തപുരം മുതിരാത്തത് ദുരൂഹമാണ്. ഈ നികൃഷ്ട നീക്കങ്ങള്‍ക്കെതിരേ സമുദായം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സുന്നി പിളര്‍പ്പിനു ശേഷം ഇതാദ്യമായാണ് ലീഗ് കാന്തപുരത്തെ അടച്ചാക്ഷേപിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ സഹായം ലീഗിനു ലഭിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പാനന്തരം കാന്തപുരവുമായി ചങ്ങാത്തം കൂടാനുള്ള ലീഗ് നീക്കത്തിന് സമസ്ത തടയിട്ടിരുന്നു. തങ്ങളെ അവഗണിച്ചെന്നും പക്ഷപാതം കാണിച്ചെന്നും ആരോപിച്ചാണ് ഇത്തവണ കാന്തപുരം ഇടതിനെ പിന്തുണച്ചത്. ഇത് മലപ്പുറം ജില്ലയിലടക്കം ലീഗിന് കനത്ത ഭീഷണിയുയര്‍ത്തിയ പശ്ചാത്തലത്തിലാണ് കാന്തപുരത്തോട് ഇനി അനുനയം വേണ്ടെന്ന തീരുമാനം ലീഗ് കൈക്കൊണ്ടതെന്നറിയുന്നു.
കഴിഞ്ഞ ദിവസം ലീഗ് എംഎല്‍എമാര്‍ക്ക് മലപ്പുറത്തു നല്‍കിയ സ്വീകരണത്തിലും നേതാക്കള്‍ കാന്തപുരത്തെ കടന്നാക്രമിച്ചിരുന്നു. മുസ്‌ലിംലീഗിനെ തോല്‍പ്പിക്കാന്‍ കൊമ്പുകുലുക്കി വന്നവരൊന്നും ഒന്നുമല്ലെന്ന് മണ്ണാര്‍ക്കാട് ഷംസുദ്ദീന്റെ വിജയം തെളിയിച്ചെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് പിന്നീട് ബിജെപിക്ക് വോട്ട് മറിക്കുകയായിരുന്നുവെന്ന് മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുറസാഖും പറഞ്ഞു. മുന്‍മന്ത്രിമാരായ എം കെ മുനീറും മഞ്ഞളാംകുഴി അലിയും പി കെ അബ്ദുറബ്ബും കാന്തപുരത്തെ രൂക്ഷമായ ഭാഷയിലാണ് കുറ്റപ്പെടുത്തിയത്. കക്കോവ് പള്ളി അടച്ചുപൂട്ടിയതിനെ പരാമര്‍ശിച്ച് ഇടത് ഭരണത്തിന്റെ കൈനീട്ടം പള്ളി പൂട്ടിയതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. ലീഗ് -കാന്തപുരം അനുയായികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലെത്തിയതോടെ നേതാക്കളും ഇത് ഏറ്റുപിടിച്ചുവെന്ന സൂചനകളാണ് പ്രസ്താവനകളില്‍ നിഴലിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇത് പുതിയ ധ്രൂവീകരണത്തിന് വഴിവയ്ക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it