തിരഞ്ഞെടുപ്പ് നയിക്കാന്‍ വിഎസ്സിന് അയോഗ്യതയില്ലെന്ന് വീണ്ടും കാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയെ നയിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അയോഗ്യത കല്‍പിക്കേണ്ട കാര്യമില്ലെന്ന് കാനം ആവര്‍ത്തിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനായിരുന്നു മുന്നണിയെ നയിച്ചത്. അതില്‍ നേട്ടമുണ്ടാക്കാനുമായി. അതുകൊണ്ട് വിഎസ്സിന് അയോഗ്യതയുണ്ടെന്ന് താന്‍ ധരിക്കുന്നില്ല. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാവുമെന്ന് തീരുമാനിക്കേണ്ടതില്ലെന്ന് പിണറായി വിജയന്റെ നവകേരള മാര്‍ച്ച് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. സിപിഎമ്മിന്റെ ജാഥ പിണറായി നയിക്കുന്നത് അവരുടെ ആഭ്യന്തരകാര്യമാണെന്ന് വിഎസ്സിനെയും കോടിയേരിയെയും ജാഥയുടെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനോട് കാനം പ്രതികരിച്ചു. അവരാണ് അക്കാര്യം തീരുമാനിക്കുന്നത്. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാവാനാണെങ്കില്‍ കേരളത്തില്‍ എത്ര മുഖ്യമന്ത്രിയുണ്ടാവും. ഇടതുമുന്നണിയാണ് ജാഥ നടത്തിയിരുന്നതെങ്കില്‍ നയിക്കുന്നയാള്‍ മുഖ്യമന്ത്രിയാവുമെന്ന് പറയുന്നതില്‍ യുക്തിയുണ്ടായിരുന്നു. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇടതുമുന്നണി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.
മല്‍സരിക്കാത്തവര്‍ പോലും മുഖ്യമന്ത്രിയായ ചരിത്രം മുന്നണിക്കുണ്ട്. ജാഥ നടത്തുന്നത് അതത് പാര്‍ട്ടികളുടെ വിഷയമാണ്. കേരള രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമല്ല. ഓരോ പാര്‍ട്ടിയും സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ജയപരാജയങ്ങളുണ്ടാവുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, അവരുടെ പ്രവര്‍ത്തക്ഷമത വിലയിരുത്തിയാണ്. രണ്ടുതവണ തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നത് സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രമേയമായിരുന്നു. കഴിഞ്ഞ തവണ ഇത് ഫലപ്രദമായി നടപ്പാക്കിയത് സിപിഐ മാത്രമാണ്. ഇത്തവണ ഇതു ബാധകമാക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തിരഞ്ഞെടുപ്പിനു മുമ്പ് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമതീരുമാനമെടുക്കുമെന്നും കാനം വ്യക്തമാക്കി.
Next Story

RELATED STORIES

Share it