ernakulam local

തിരഞ്ഞെടുപ്പ് നടത്തിപ്പിന് മാധ്യമങ്ങളുടെ സഹകരണം അനിവാര്യം: ജില്ലാ കലക്ടര്‍

കൊച്ചി: സ്വതന്ത്രവും നിക്ഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസ് ഉള്‍പ്പടെയുള്ള പ്രവണതകള്‍ക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് റിപോര്‍ട്ട്‌ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ല തിരഞ്ഞെടുപ്പ് ഓഫിസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്നു സംഘടിപ്പിച്ച മാധ്യമ ശില്‍പശാല എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ നിക്ഷ്പക്ഷത വളരെ പ്രധാനമാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ സമയത്ത്. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ കഴിയണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസ് അടക്കമുള്ള പ്രവണതകള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്.
പണമോ മറ്റേതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങളോ സ്വീകരിച്ചുകൊണ്ട് പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളെ പ്രൊമോട്ട് ചെയ്യുന്ന വിധത്തില്‍ നല്‍കുന്ന വാര്‍ത്തകളെയാണ് പെയ്ഡ് ന്യൂസ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍വരുന്ന പോസ്റ്റുകളും പെയ്ഡ് ന്യൂസ് വിഭാഗത്തിലുള്‍പ്പെടുമെന്നും സോഷ്യല്‍ മീഡിയയെയും കര്‍ശനമായി നിരീക്ഷിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് രാജീവ് പറഞ്ഞു. ഫലപ്രദമായും നീതിപൂര്‍വമായും തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. മുന്നണികളെ സംബന്ധിച്ച് ജനങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് മാധ്യമങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. അതുപോലെ പെയ്ഡ് ന്യൂസ് വഴി ജനങ്ങളെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും കഴിയും.
മാധ്യമങ്ങളുടെ സ്വഭാവത്തില്‍ വന്ന ചില മാറ്റങ്ങള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ നിരീക്ഷണം കര്‍ശനമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഈ തിരഞ്ഞെടുപ്പിലും ചുമതലാബോധത്തോടെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികമുള്ള പ്രാദേശിക ചാനലുകളില്‍ പെയ്ഡ് ന്യൂസ് അധികമായി കടന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു ശില്‍പശാല സംഘടിപ്പിച്ചതെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല പറഞ്ഞു.
സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ തുടങ്ങുന്നതു മുതല്‍ മാധ്യമ നിരീക്ഷണം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഉപഡയറക്ടര്‍ പി ആര്‍ റോയ്, കുന്നത്തുനാട് നിയോജക മണ്ഡലം വരണാധികാരി മുഹമ്മദ് ഝാ, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ നിരീക്ഷണ സമതിയംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it