thrissur local

തിരഞ്ഞെടുപ്പ് തോല്‍വി: ലീഗില്‍ കലഹം; ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു

കെ എം അക്ബര്‍

ചാവക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വിയെ ചൊല്ലി മുസ്‌ലിം ലീഗില്‍ കലഹം. നേതാക്കളുടെ കാലുവാരല്‍ രാഷ്ട്രീയത്തില്‍ മനം മടുത്ത് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.
ജില്ലാ പ്രസിഡന്റ് സി എച്ച് റഷാദിനെ അനുകൂലിക്കുന്നവര്‍ കാലുവാരിയതാണ് വമ്പന്‍ പരാജയത്തിന് കാരണമെന്നും ജില്ലാ പ്രസിഡന്റിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തതിന്റെ ജാള്യതയാണ് കാലുവാരലിന് പിന്നിലെന്നും ഒരുവിഭാഗം ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് എതിര്‍പക്ഷം പറയുന്നത്. യുഡിഎഫിന് ലഭിക്കേണ്ട കോ ണ്‍ഗ്രസ് വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം തന്റെ തോല്‍വി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി എ സാദിക്കലി ലീഗ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സംഭവം വാര്‍ത്തയായതോടെ സാദിക്കലി തന്നെ നിഷേധക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ 2500ല്‍ താഴെ വോട്ടുകള്‍ക്ക് വിജയിക്കാനാകുമെന്നായിരുന്നു ലീഗിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍, ഫലം വന്നതോടെ 15,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ ഖാദര്‍ ഹാട്രിക് വിജയം നേടിയത്.
എല്ലാ തിരഞ്ഞെടുപ്പുകളിലു ം ലീഡ് നേടാറുള്ള വടക്കേകാട് പഞ്ചായത്തില്‍ ആദ്യമായി ഇത്തവണ പിന്നിലായതും 3000 ലധികം വീതം വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളില്‍ യഥാക്രമം 800നും 1300 നും താഴെ വോട്ടുകളുടെ ലീഡ് മാത്രം ലഭിച്ചതും കാലുവാരല്‍ നടന്നതിന്റെ തെളിവായാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ ബിജെപി വോട്ടു മറിക്കാനുള്ള ശ്രമം വാര്‍ത്തയായതും വോട്ട് ചോര്‍ച്ചക്ക് പ്രധാന കാരണമായിരുന്നു.
അതേ സമയം തിരഞ്ഞെടുപ്പ് സമയത്ത് ആത്മാര്‍ത്ഥമായി പ്രചാരണം നടത്തിയിട്ടും നേതാക്കളുടെ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് തോല്‍വിക്ക് കാരണമെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തോല്‍വിയെ തുടര്‍ന്ന് കടപ്പുറം അഞ്ചങ്ങാടി വളവില്‍ നിന്നും നിരവധി പേര്‍ ലീഗില്‍ നിന്നും രാജിവെച്ചിരുന്നു.
Next Story

RELATED STORIES

Share it