തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കും; മേഖലാസമിതികള്‍ക്ക് രൂപം നല്‍കും: കെപിസിസി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തോല്‍വിയെക്കുറിച്ചും പരിശോധിക്കാനായി നാലു മേഖലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കാന്‍ രണ്ടു ദിവസമായി നടന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട അടങ്ങുന്ന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റിയുടെ തലവന്‍ ജോണ്‍സണ്‍ എബ്രഹാമായിരിക്കും. ബാബു പ്രസാദ്, ജയ്‌സണ്‍ ജോസഫ് എന്നിവരായിരിക്കും അംഗങ്ങള്‍. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളുടെ കമ്മിറ്റിയുടെ തലവന്‍ ഭാരതിപുരം ശശിയും ശൂരനാട് രാജശേഖരന്‍, ബിന്ദുകൃഷ്ണ എന്നിവര്‍ അംഗങ്ങളുമായിരിക്കും. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലയ്ക്കുള്ള കമ്മിറ്റിയെ നയിക്കുക സജീവ് ജോസഫായിരിക്കും പ്രഫ. ജി ബാലചന്ദ്രന്‍, അബ്ദുല്‍ മുത്തരിഫ് എന്നിവര്‍ അംഗങ്ങളും. വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പരാജയം പരിശോധിക്കുന്ന കമ്മിറ്റിയുടെ കണ്‍വീനര്‍ വി എ നാരായണനാണ്. കെ പി അനില്‍കുമാറും വി വി പ്രകാശും ഇതില്‍ അംഗങ്ങളുമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുന്നതിന് നയരേഖയ്ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. വി ഡി സതീശന്‍ അധ്യക്ഷനായ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ പാലോട് രവി, ജോണ്‍സണ്‍ ഏബ്രഹാം, പി എം സുരേഷ്ബാബു, മാന്നാര്‍ അബ്ദുല്‍ലത്തീഫ്, ബിന്ദുകൃഷ്ണ എന്നിവര്‍ അംഗങ്ങളാണ്. ഈ നയരേഖയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ ബൂത്ത് മുതല്‍ കെപിസിസി തലം വരെ വേണ്ട പുനക്രമീകരണങ്ങള്‍ നടത്തും.
ഡിസിസി പ്രസിഡന്റുമാരുള്‍പ്പെടെയുള്ളവരെ ആവശ്യമെങ്കില്‍ മാറ്റും. ഈ നയരേഖയുടെ അടിസ്ഥാനത്തിലായിരിക്കും സംഘടനാപുനക്രമീകരണം നടത്തുക. പാര്‍ട്ടിയുടെ കമ്മിറ്റികള്‍ പ്രത്യേകിച്ച് ബൂത്ത്തലത്തിലുള്ളവ ഒരിടത്തും സജീവമായിരുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികളിലും പുനക്രമീകരണങ്ങള്‍ നടത്തും. ജില്ലാതലത്തിലും ആവശ്യമായ മാറ്റങ്ങളുണ്ടാക്കും. ഗ്രൂപ്പ് അതിപ്രസരമില്ലാതെ ജനസ്വീകാര്യതയും കര്‍മശേഷിയുമുള്ള പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഈ കമ്മിറ്റി തയ്യാറാക്കുന്ന നയരേഖ പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ചര്‍ച്ചചെയ്ത് കെപിസിസി നിര്‍വാഹകസമിതി അംഗീകരിച്ച് നടപ്പാക്കും. തിരഞ്ഞെടുപ്പ് തോല്‍വിക്ക് എല്ലാ നേതാക്കളും ഉത്തരവാദികളാണെന്നും ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയുടെ മദ്യനയത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it