wayanad local

തിരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ്സിനും ലീഗിനുമെതിരേ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് (എം)

കല്‍പ്പറ്റ: ജില്ലയില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം വ്യക്തമാക്കാന്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, ലീഗ് നേതൃത്വം യാഥാര്‍ഥ്യബോധത്തോടെ മുന്നോട്ടുവരണമെന്നു കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ യുഡിഎഫ് തോറ്റതെല്ലാം കാലുവാരലും കുതികാല്‍ വെട്ടലും കൊണ്ടു മാത്രമാണ്. നിരവധി തവണ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മുന്നണി സ്ഥാനാര്‍ഥികളെ കൂടെനിന്ന് കുതികാല്‍ വെട്ടി പരാജയപ്പെടുത്തി.
ഇപ്രകാരം മുന്നണിക്കുള്ളിലെ സ്ഥാനാര്‍ഥികളെ തന്നെ കൂടെനിന്നും മാറിനിന്നും ചതിച്ചിട്ടുള്ളതിന്റെ തുടര്‍ച്ചയാണ് കല്‍പ്പറ്റയിലും മാനന്തവാടിയിലും സംഭവിച്ചത്. ത്രിതല തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കൂടെനിന്ന് കോണ്‍ഗ്രസ് നേതൃത്വം കാലുവാരി തോല്‍പ്പിച്ചു.
അതില്‍ പിന്നെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നറുക്കെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നില്ലെന്ന കാരണം പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്തി. തരിയോട് പഞ്ചായത്തില്‍ യുഡിഎഫില്‍ നിന്നു മല്‍സരിച്ച് വിജയിച്ച ലീഗ് മെംബര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്തു. ജെഡിയു കല്‍പ്പറ്റ സഹകരണ ബാങ്കില്‍ സിപിഎം മുന്നണിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്-ലീഗ് സംഖ്യത്തെ പരാജയപ്പെടുത്തി. ഇപ്രകാരമെല്ലാം ജില്ലയില്‍ തന്നെ മുന്നണിയില്‍ നിരവധി അപസ്വരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിനോട് മാത്രം കോണ്‍ഗ്രസ്-ലീഗ് കക്ഷികളിലെ ചില നേതാക്കള്‍ ശത്രുത കാണിച്ച് പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഇരട്ട നീതിയാണ്. കല്‍പ്പറ്റയിലെ തോല്‍വിക്ക് കാരണമായത് പ്രവാചകനിന്ദ നടത്തിയതും കേരളത്തിലെ മൊത്തം തോല്‍വിയുടെ ഭാഗമായി വന്നതാണെന്നും പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുന്നതു ശരിയല്ല.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ അധ്യക്ഷത വഹിച്ചു. വി ജോണ്‍ ജോര്‍ജ്, ടി എസ് ജോര്‍ജ്, രാജന്‍, എ വി മത്തായി, കെ വി സണ്ണി, പി അബ്ദുല്‍ സലാം, കെ വി മാത്യു, കെ കെ ബേബി, ജോസഫ്, സെബാസ്റ്റ്യന്‍, ടി എല്‍ സാബു, മാത്യു കടുപ്പില്‍, ഐ സി ചാക്കോ, പി ടി മത്തായി സംസാരിച്ചു.
Next Story

RELATED STORIES

Share it