തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; കേരളം ഇനി പോരാട്ടച്ചൂടിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നതോടെ കേരളത്തില്‍ ഇനി വരാനിരിക്കുന്നത് വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ നാളുകള്‍. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചിത്രം വ്യക്തമാവാന്‍ ഇനിയും സമയമെടുക്കുമെങ്കിലും സമീപകാല ചരിത്രത്തിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍ അങ്കക്കച്ച മുറുക്കുന്നത്. ഭരണത്തുടര്‍ച്ചയിലൂടെ കേരളത്തിലെ ചരിത്രം തിരുത്തുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
തിരിച്ചുവരവിനായി സകല അടവുകളും പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. നിര്‍ണായകശക്തിയാവുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്നതാണ് അവരുടെയും ലക്ഷ്യം. ഇരു മുന്നണികളുടെയും എതിര്‍പ്പുകള്‍ അതിജീവിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച എസ്ഡിപിഐയും സജീവ സാന്നിധ്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളായിരിക്കും എല്‍ഡിഎഫിന്റെ പ്രചാരണായുധം. എന്നാല്‍, വികസനനേട്ടങ്ങള്‍ നിരത്തി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അങ്കത്തിന് മാസങ്ങള്‍ക്കു മുമ്പുതന്നെ കേരള രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചിരുന്നു. അഴിമതി മുഖ്യ വിഷയമാക്കി നിയമസഭയിലും പുറത്തും പ്രതിപക്ഷം വന്‍പ്രതിഷേധമുയര്‍ത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുനിമിഷവും സര്‍ക്കാരും പ്രതീക്ഷിച്ചിരുന്നു. സീറ്റ് ഉറപ്പുള്ളവര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അല്ലാത്തവര്‍ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഏപ്രില്‍ അവസാനവാരമെങ്കിലും തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു മുന്നണികളുടെ പ്രതീക്ഷ. മെയ് മൂന്നാംവാരത്തിലേക്ക് നീണ്ടതോടെ ചര്‍ച്ചകള്‍ക്കു വേണ്ടത്ര സമയം ലഭിച്ചതിലുള്ള ആശ്വാസത്തിലാണ് മുന്നണികള്‍. സീറ്റ് വിഭജന, സ്ഥാനാര്‍ഥി നിര്‍ണയ ആലോചനകള്‍ എല്ലാവരും നേരത്തേ തുടങ്ങിയെങ്കിലും സമവായത്തിലേക്കെത്തിയില്ല. മുസ്‌ലിംലീഗാണ് ഭൂരിഭാഗം സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആദ്യവെടി പൊട്ടിച്ചത്. സീറ്റ്‌വിഭജനം രമ്യമായി പരിഹരിക്കുകയെന്നത് മുന്നണികള്‍ക്ക് കീറാമുട്ടിയാണ്.
തിരഞ്ഞെടുപ്പുസമയത്ത് ചെറുപാര്‍ട്ടികള്‍വരെ അവകാശവാദവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ സീറ്റ് വിഭജനകാര്യത്തില്‍ നേതാക്കള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. അതുകഴിഞ്ഞാല്‍ അടുത്ത വെല്ലുവിളി സ്ഥാനാര്‍ഥി നിര്‍ണയമാണ്. യുഡിഎഫ് പ്രാഥമികമായി യോഗം ചേര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
കേരളാ കോണ്‍ഗ്രസും ആര്‍എസ്പിയും ജെഡിയുവുമാണ് യുഡിഎഫിന് മുന്നിലെ തലവേദന. എട്ടു സീറ്റുകളാണ് ജെഡിയുവിന്റെ ആവശ്യം. അതില്‍തന്നെ ജയസാധ്യതയും വേണം. ആര്‍എസ്പി പുതിയ ഘടകകക്ഷി ആയതിനാല്‍ അവര്‍ക്കും സീറ്റ് കണ്ടെത്തണം. ഫ്രാന്‍സിസ് ജോര്‍ജും സംഘവും പോയതോടെ കേരളാ കോണ്‍ഗ്രസ്സിന് അല്‍പ്പം തലവേദന കുറയും. സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടയിടി ഉള്ളതിനാല്‍ അവരും കൂടുതല്‍ സീറ്റ് ചോദിക്കുന്നു. കൂടുതലൊന്നും വേണ്ടെന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം വലിയ കടമ്പയാവുക കോണ്‍ഗ്രസ്സിന് തന്നെയാവും. അത്രയേറെ പിടിവലിയാണ് കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത്. കെപിസിസി നിര്‍ദേശമനുസരിച്ച് ഓരോ മണ്ഡലത്തിലേക്കുമായി തയ്യാറാക്കിയ പട്ടിക തന്നെ നാലു പേര് ഉള്‍ക്കൊള്ളുന്നതാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമികപട്ടിക രണ്ടുദിവസത്തിനകം എഐസിസിക്ക് നല്‍കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. തിരഞ്ഞെടുപ്പ് വൈകിയ സാഹചര്യത്തില്‍ ഇതുണ്ടാവില്ല. ഹൈക്കമാന്‍ഡിന്റെയും കേരള ഘടകത്തിന്റെയും നിലപാടുകള്‍ക്കനുസരിച്ചായിരിക്കും കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറി. എല്‍ഡിഎഫില്‍ സീറ്റ്‌വിഭജനം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. അടുത്ത സിപിഎം നേതൃയോഗങ്ങളിലാവും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുക.
അതേസമയം, ഘടകകക്ഷികള്‍ അല്ലാത്ത മുന്നണിയുമായി സഹകരിക്കുന്നവരുടെ തള്ളാണ് മുന്നണിയില്‍. ആര്‍ ബാലകൃഷ്ണപിള്ള മുതല്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ ജി ദേവരാജന്‍ വരെ സീറ്റ് മോഹികളായുണ്ട്. കെ ആര്‍ ഗൗരിയമ്മയും സംഘവും വേറെയും. ഐഎന്‍എല്‍, പി സി ജോര്‍ജ്, സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം, കോവൂര്‍ കുഞ്ഞുമോന്‍, ഒടുവില്‍ ഫ്രാന്‍സിസ് ജോര്‍ജ് സംഘവും. നാലുസീറ്റുകള്‍ സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പക്ഷം പറയുന്നത്. ഇവരെയെല്ലാം തൃപ്തിപ്പെടുത്തിയാലും മുന്നണിക്കുള്ളില്‍നിന്ന് അസ്വാരസ്യമുയരും. കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് സിപിഐ വ്യക്തമാക്കിക്കഴിഞ്ഞു. സിപിഎമ്മിന്റെ പ്രതികരണം പ്രതീക്ഷിച്ചാണ് സിപിഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സിപിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ ആരെല്ലാം എന്ന ചര്‍ച്ച ജില്ലാതലങ്ങളില്‍ പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it