Readers edit

തിരഞ്ഞെടുപ്പ് തിരക്കഥയാവുന്നു

തിരഞ്ഞെടുപ്പ്  തിരക്കഥയാവുന്നു
X
slug-enikku-thonnunnathuഅഡ്വ. എസ് എ കരീം, തിരുവനന്തപുരം

മെയ് 16ന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാര്‍ട്ടികള്‍ പല അടവുനയങ്ങളും സ്വീകരിക്കുന്നു. മുമ്പ് ഓരോ പാര്‍ട്ടിയും വെവ്വേറെ മല്‍സരിക്കുകയായിരുന്നു പതിവ്. ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ ഭൂരിപക്ഷം കിട്ടുകയില്ലെന്നു വന്നപ്പോള്‍ മുന്നണിയായിനിന്ന് മല്‍സരിക്കാന്‍ തുടങ്ങി. അത് ആദ്യമായി തുടങ്ങിയത് കേരളത്തിലാണ്. തിരഞ്ഞെടുപ്പിലെ ആദ്യത്തെ അടവുനയമായിരുന്നു മുന്നണിസമ്പ്രദായം. മുന്നണിയുടെ തുടക്കത്തില്‍ നേതാക്കള്‍ പറഞ്ഞത് ഈ സംവിധാനം ഇന്ത്യയാകെ പടരുമെന്നാണ്. അത് ഇന്നു യാഥാര്‍ഥ്യമായിരിക്കുന്നു. പാര്‍ട്ടി ജയിക്കാന്‍ സാധ്യതയില്ലാത്തിടത്ത് വ്യക്തിപ്രഭാവമുള്ളവരെ മല്‍സരിപ്പിച്ചതും ആദ്യമായി കേരളത്തിലാണ്. അതിന്റെ പകര്‍പ്പവകാശം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. വി ആര്‍ കൃഷ്ണയ്യര്‍ എന്ന പ്രസിദ്ധ അഭിഭാഷകനെയും ജോസഫ് മുണ്ടശ്ശേരി എന്ന വിദ്യാഭ്യാസ വിദഗ്ധനെയും ഡോ. എ ആര്‍ മേനോനെയും സ്വതന്ത്രരായി നിര്‍ത്തി വിജയിച്ചു. ഈ അടവുനയം പലരൂപത്തിലും ഭാവത്തിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
ഈ തന്ത്രത്തിന്റെ ഒടുവിലത്തെ പതിപ്പാണ് സിനിമാതാരങ്ങളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം, സിനിമാനടന്‍ ഇന്നസെന്റിനെ ഇറക്കി ചാലക്കുടി ലോക്‌സഭാ മണ്ഡലം പിടിച്ചെടുത്തു. അതേസമയം, തിരുവനന്തപുരം ലോക്‌സഭാമണ്ഡലം ഡോ. ബെന്നറ്റ് എബ്രഹാമിന് വിറ്റ് സിപിഐ നേതൃത്വം കോടികള്‍ നേടി. എന്നാല്‍, ഇന്നസെന്റ് ജയിച്ചതുപോലെ ബെന്നറ്റ് ജയിച്ചില്ല. പാര്‍ട്ടിനേതാക്കള്‍ക്ക് കൈമാറിയ പണത്തെപ്പറ്റി നാടാകെ ചര്‍ച്ചയായി. ചിലരെ തരംതാഴ്ത്തിയും ചിലരെ പാര്‍ട്ടിക്ക് പുറത്താക്കിയും കള്ളപ്പണംപോലെ കൈക്കൂലിപ്പണം വെളുപ്പിച്ചെടുത്തു. ഇത് സിപിഐയുടെ കഥയാണെങ്കില്‍ മുമ്പ് പലതവണ കോണ്‍ഗ്രസ് പാര്‍ട്ടി എ ചാള്‍സിനെ മല്‍സരിപ്പിച്ച് മണ്ഡലത്തെ കോണ്‍ഗ്രസ്സിന്റെ വരുതിയില്‍ നിര്‍ത്തിയിരുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ലക്ഷങ്ങളുടെ ഒഴുക്കുണ്ടായിരുന്നോ എന്ന് ജനത്തിനറിയില്ല. അത് ഉണ്ടായിരുന്നുവെങ്കില്‍ അതെല്ലാം അരമനരഹസ്യങ്ങളായിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സിനിമാരംഗത്തെ മുകേഷിനെയും ഗണേഷ്‌കുമാറിനെയും അശോകനെയും വിനയനെയുമാണ് ഇറക്കിയിരിക്കുന്നത്. അവരില്‍ ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ മാത്രമാണ് ഒരു വ്യത്യാസമുള്ളത്. ഗണേഷ് അച്ഛന്റെ പിന്‍ഗാമിയായി സ്വന്തം നിലയില്‍ വന്നയാളാണ്. സിനിമയുടെ തിളക്കമുണ്ടെന്നു മാത്രം. അതേസമയം, കോണ്‍ഗ്രസ് സിദ്ദീഖിനെയും ജഗദീഷിനെയും പരീക്ഷിക്കുന്നു. ബിജെപിയുടെ താരങ്ങള്‍ സുരേഷ് ഗോപിയും കൊല്ലം തുളസിയും രാജസേനനും ഭീമന്‍ രഘുവും അലി അക്ബറും ശ്രീശാന്തുമാണ്. ഇവരെല്ലാം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കു വിധേയമായിട്ടാണു രംഗത്തുള്ളത്. ശ്രീശാന്ത് ക്രിക്കറ്റ് കളിക്കാരനായിരുന്നുവെങ്കില്‍ അലി അക്ബര്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണ്. അലിക്ക് കേന്ദ്രത്തിലെ ഷാനവാസ് ഹുസയ്‌ന്റെയും മുക്താര്‍ അബ്ബാസ് നഖ്‌വിയുടെയും റോളുകള്‍കൂടി അഭിനയിക്കേണ്ടിവരും.
എന്നാല്‍, സിപിഎം, കെപിഎസി ലളിതയോട് ചെയ്ത തെറ്റിന് മാപ്പര്‍ഹിക്കുന്നില്ല. പാര്‍ട്ടിനേതൃത്വം ആവശ്യപ്പെട്ടിട്ടാണ് അവര്‍ സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചത്. വടക്കാഞ്ചേരിയിലെ ജാതിസമവാക്യമാണ് ലളിതയ്ക്ക് ആ മണ്ഡലം കൊടുക്കാന്‍ കാരണമായത്. പടപേടിച്ച് പന്തളത്തുചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തി പട എന്നപോലെയായി കാര്യങ്ങള്‍. ഒരുവിഭാഗം സഖാക്കള്‍ പോസ്റ്റര്‍ ഒട്ടിക്കാനും ലളിതയ്‌ക്കെതിരേ മുദ്രാവാക്യം വിളിക്കാനും തയ്യാറായി. ലളിത അവസാനം മല്‍സരിക്കുന്നില്ലെന്നു തീരുമാനിച്ചു. തന്റെ നട്ടെല്ലിന് വേദനയുണ്ടെന്നും തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന് സാധിക്കുന്നില്ലെന്നും പറഞ്ഞാണ് ലളിത പിന്മാറിയത്. ഒരു വനിതയെ ഈ രീതിയില്‍ പാര്‍ട്ടി അപമാനിക്കരുതായിരുന്നു.
Next Story

RELATED STORIES

Share it