തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ നടപടി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയിലെ നടപടികള്‍ തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ പി ബി അബ്ദുര്‍റസാഖ് മരണപ്പെട്ട പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തിരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ഹരജിയിലെ ആവശ്യം. ഹരജിക്കാരന്‍ സംശയം ഉന്നയിച്ച വോട്ടര്‍മാരെ സമന്‍സയച്ച് വരുത്തിയുള്ള തെളിവെടുപ്പുകളും ഹരജിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം എം എല്‍എ ആയ അബ്ദുല്‍ റസാഖ് മരണപ്പെടുന്നത്.
വ്യാഴാഴ്ച കേസ് പരിഗണിക്കവേ ഇക്കാര്യം ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് തുടരുന്നുണ്ടോയെന്ന് കോടതി ചോദിച്ചത്. ഇക്കാര്യം ദിവസങ്ങള്‍ക്കകം അറിയിക്കാമെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, കേസില്‍ കക്ഷിയായ അബ്ദുല്‍ റസാഖി ന്റെ മരണവുമായി ബന്ധപ്പെട്ട വിവരം കോടതിയെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് മെമ്മോ ഹാജരാക്കാന്‍ ഹരജിക്കാരോട് കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it