തിരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇന്നു സമാപിക്കും

തിരുവനന്തപുരം: വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം പ്രസ്‌ക്ലബ്ബ് ഹാളില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ ബിജു പ്രഭാകര്‍ മുഖ്യാതിഥിയായിരുന്നു.
വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിരവധി വ്യത്യസ്ത പരിപാടികളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി സംഘടിപ്പിക്കുന്നത്. എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനുള്ള സന്ദേശം പകരുന്ന അനേകം പരിപാടികളിലൊന്നാണ് വോട്ടര്‍ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടുവണ്ടി പ്രചാരണം, കൂട്ടയോട്ടം, ഫഌഷ് മോബുകള്‍, കുടുംബശ്രീ-അയല്‍ക്കൂട്ടം പ്രവര്‍ത്തകരുമായി സഹകരിച്ചുള്ള വിവിധ പ്രചാരണ പരിപാടികള്‍, പരസ്യ ബലൂണ്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചുവരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ക്രിയാത്മക സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ലളിതകലാ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാംപില്‍നിന്നുള്ള പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളും ജില്ലയിലെ മാധ്യമ സ്ഥാപനങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളുമാണ് ഈ പ്രദര്‍ശനത്തിലുള്ളത്.
സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാം, നന്മുടെ വോട്ട് നമ്മുടെ അഭിപ്രായം, നമ്മുടെ വോട്ട് നമ്മുടെ അവകാശം തുടങ്ങിയ സന്ദേശങ്ങളാണ് പ്രദര്‍ശനത്തിന്റെ കാതല്‍. ജനാധിപത്യം സംരക്ഷിക്കുന്നതിന് വോട്ടവകാശം സ്വതന്ത്രമായി രേഖപ്പെടുത്താന്‍ എല്ലാവരും തയ്യാറാവണമെന്നും സ്വതന്ത്രമായി വോട്ടുചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ അഭിനന്ദനീയമാണെന്നും കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ പറഞ്ഞു. കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇന്നു സമാപിക്കും.
Next Story

RELATED STORIES

Share it