Flash News

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം ചാലഞ്ച് നാളെ ; സമാന്തര പരിപാടിയുമായി എഎപി



ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇവിഎം ചാലഞ്ച്’നാളെ തുടങ്ങും. രാജ്യത്തെ ഏഴു ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയും വെല്ലുവിളി ഏറ്റെടുക്കാന്‍ കമ്മീഷന്‍ ക്ഷണിച്ചിരുന്നെങ്കിലും എന്‍സി— പിയും സിപിഎമ്മും മാത്രമാണ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താനാവുമെന്നു പരസ്യമായി തെളിയിക്കാനാണ് കമ്മീഷന്‍ വെല്ലുവിളിച്ചിരിക്കുന്നത്. കമ്മീഷന്റെ കത്തിനോട് എഎപിയും കോണ്‍ഗ്രസ്സും പ്രതികരിച്ചെങ്കിലും ഇവിഎം ചാലഞ്ചിന്റെ നടപടികളില്‍ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരു കക്ഷികളും വെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇവിഎം ചാലഞ്ചിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മദര്‍ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണമെന്ന എഎപിയുടെ ആവശ്യം തള്ളിയതിനാലാണ് അവര്‍ ചാലഞ്ചില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. അതേസമയം, പരിപാടി നിരീക്ഷിക്കാന്‍ ബിജെപി, ആര്‍എല്‍ഡി, സിപിഐ എന്നീ കക്ഷികള്‍ ഉണ്ടാവും. വോട്ടിങ് യന്ത്രത്തിനെതിരേ ഏറ്റവുമധികം പരാതി ഉന്നയിച്ചത് ബിഎസ്പിയും എഎപിയുമായിരുന്നു. ഒരു പാര്‍ട്ടിക്ക് ചാലഞ്ചില്‍ പരമാവധി മൂന്നുപേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ കഴിയൂ. ഏതെങ്കിലും നാലു മണ്ഡലങ്ങളില്‍ ഉപയോഗിച്ച നാല് വോട്ടിങ് യന്ത്രങ്ങള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച യന്ത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ശേഷം ഇതില്‍ തിരിമറിനടത്തിയാണ് ആരോപണം തെളിയിക്കേണ്ടത്. കമ്മീഷന്റെ ഇവിഎം’ചാലഞ്ചിനു സമാന്തരമായി നാളെ എഎപിയും ഇവിഎം ചാലഞ്ച് സംഘടിപ്പിക്കും. കമ്മീഷന്‍ പരിഹാസ്യമായ ചാലഞ്ചാണ് നടത്തുന്നതെന്നു ചൂണ്ടിക്കാണിക്കാനാണ് തങ്ങളുടെ പരിപാടിയെന്ന് എഎപി വക്താവ് സൗരവ് ഭരദ്വാജ് പറഞ്ഞു. കമ്മീഷന്‍ ചാലഞ്ച് നടത്തുന്ന അതേ രീതിയില്‍ തന്നെയാവും തങ്ങളുടെയും പരിപാടി. അതിലേക്ക് എല്ലാ രാഷ്ട്രീയകക്ഷികളെയും വിദഗ്ധരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ പരിപാടിയിലേക്കു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷനര്‍ നസീം സെയ്ദിയെ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it