Flash News

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കേസ് : ദിനകരനെതിരേ തിരച്ചില്‍ നോട്ടീസ്‌



ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അണ്ണാ ഡിഎംകെ നേതാവ് ടി ടി വി ദിനകരനെതിരേ ഡല്‍ഹി പോലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. ദിനകരന്‍ പ്രവാസ ഇന്ത്യക്കാരനായിരുന്നുവെന്നും അതിനാല്‍ അദ്ദേഹം രാജ്യം വിടാനിടയുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതെന്നും പോലിസ് അറിയിച്ചു.അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിന് രണ്ടില ചിഹ്നമായി ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കരുതല്‍ നടപടിയായിട്ടാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ജോയിന്റ് പോലിസ് കമ്മീഷണര്‍ (ക്രൈം) പ്രവീണ്‍ രഞ്ജന്‍ പറഞ്ഞു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ നിയുക്തനായ മധ്യസ്ഥന്‍ സുകേഷ് ചന്ദ്രശേഖറെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധമുണ്ടെന്നും ശശികല വിഭാഗത്തിന് അണ്ണാ ഡിഎംകെയുടെ ചിഹ്നമായ രണ്ടില ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ അത് സഹായകരമാവുമെന്നും ചന്ദ്രശേഖര്‍ ദിനകരനെ അറിയിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. 50 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. പത്തുകോടി ചന്ദ്രശേഖറിന് നല്‍കുകയും ചെയ്തു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇയാളെ ചെന്നൈയ്ക്ക് കൊണ്ടുപോവുമെന്ന് അധികൃതര്‍ പറഞ്ഞു.അതെസമയം, തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ ദിനകരന്‍ ചെന്നൈയില്‍ ചോദ്യം ചെയ്തു. തന്റെ പാസ്‌പോര്‍ട്ട് 20 വര്‍ഷമായി കോടതിയിലിരിക്കെ, തനിക്കങ്ങനെ രാജ്യം വിടാനാവുമെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it