തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തി; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അടുത്ത ആഴ്ച എത്തും

കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്‍ അവലോകനം നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരായ ജില്ലാ കലക്ടര്‍മാര്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിനു മുമ്പ് രാഷ്ട്രീയ കക്ഷി പ്രതിനിധികളും ജില്ലാ പോലിസ് മേധാവികളുമായും ഡയറക്ടര്‍ ജനറല്‍ ആശയവിനിമയം നടത്തിയിരുന്നു. കേരളത്തിലെ അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരായ ഡോ. എം ബീന, ടിങ്കു ബിസ്വാള്‍ എന്നിവര്‍ സംസ്ഥാനതലത്തില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനവും വിവരിച്ചു. ബൂത്ത് തലം മുതലുള്ള വിവരശേഖരണവും നിരീക്ഷണവും ലക്ഷ്യമിടുന്ന ഇ-സമ്മറി പോള്‍ മോണിറ്ററിങ്, വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഇ-വോട്ടര്‍, കേരള ഇലക്ഷന്‍ 2016, ഇലക്ഷന്‍ ഡയറക്ടറി എന്നിവയാണ് യോഗത്തില്‍ അവതരിപ്പിച്ചത്.
ഇവ ഉടനെ തന്നെ ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വഴി ലഭ്യമാവും. ഓരോ ജില്ലകളിലും ഇതുവരെ വിവിധ തലങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ കലക്ടര്‍മാര്‍ വിശദീകരിച്ചു. ചെലവു നിരീക്ഷണം, പെരുമാറ്റച്ചട്ടലംഘനം, അനധികൃത പണമൊഴുക്ക്, വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്, രജിസ്റ്റര്‍ ചെയ്ത തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, അബ്കാരി കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയാണ് കലക്ടര്‍മാര്‍ വിവരിച്ചത്. വോട്ടര്‍പ്പട്ടികയിലെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും അടുത്തയാഴ്ച കേരളത്തിലെത്തുമെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി
Next Story

RELATED STORIES

Share it