malappuram local

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി യുഡിഎഫിന്റെ നിയമപോരാട്ടത്തിനുള്ള അംഗീകാരമെന്ന്

പൊന്നാനി: പൊന്നാനി നഗരസഭയിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി യുഡിഎഫിന്റെ നിയമ പോരാട്ടത്തിനുള്ള അംഗീകാരമാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഒന്നാം വാര്‍ഡായ അഴീക്കലിലെ  ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍നഗരസഭാ സെക്രട്ടറിയും, സൂപ്രണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരെയും, പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നടപടി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തീരദേശ മേഖല ഉള്‍പ്പെടെ പല വാര്‍ഡുകളും, സിപിഎമ്മിന് വിജയിക്കാനായത് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയാണ് എന്ന യുഡിഎഫിന്റെ ആരോപണം ശരി വെക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മുഴുവന്‍ കള്ളത്തരങ്ങള്‍ക്കും, നേതൃത്വം നല്‍കിയ നഗരസഭാ ചെയര്‍മാന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല.
സ്വജനപക്ഷപാതവും, അഴിമതിയും നിറഞ്ഞ പൊന്നാനി നഗരസഭാ ഭരണസമിതിക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദ് ബാഫഖി തങ്ങള്‍, വി പി ഹുസൈന്‍കോയ തങ്ങള്‍, എം അബ്ദുള്‍ ലത്തീഫ്,യു  മുനീബ്, സി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it