thrissur local

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലയില്‍ 24,87686 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്

തൃശൂര്‍: പതിനാറിന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ ഇതിനകം പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24,87,686 പേരാണ് ജില്ലയിലെ വോട്ടര്‍മാര്‍. ഇതില്‍ 11,84,230 പേര്‍ പുരുഷന്‍മാരും 13,03,455 പേര്‍ സ്ത്രീകളും ആണ്. ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട ഒരു വോട്ടറും ജില്ലയിലുണ്ട്. ആകെ 2027 പോളിങ് ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുളളത്. എല്ലാ ബൂത്തുകളിലും വൈദ്യുതി, കുടിവെളളം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടാതെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായുളള റാമ്പുകളും ബൂത്തുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ വരി നില്‍ക്കണ്ട ആവശ്യമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പാക്കാനും നടപടി സ്വീകരിച്ചു.
ജില്ലയിലെ ചേലക്കര, കുന്നംകുളം, മണലൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ 13 നിയോജക മണ്ഡലങ്ങളില്‍ നിന്ന് ആകെ 100 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുളളത്. ഓരോ മണ്ഡലത്തിലേക്കും പോളിങിനും വോട്ടെണ്ണലിനുമുളള ക്രമീകരണങ്ങള്‍ അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ കീഴിലുള്ള ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ അവ സമയബന്ധിതമായി പരിശോധിക്കുകയും ഒരുക്കങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്കുളള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 10 മുതല്‍ അതത് മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുളള വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ചേലക്കര നിയോജകമണ്ഡലത്തില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി-കുന്ദംകുളം നിയോജക മണ്ഡലത്തില്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കാഞ്ചേരി- ഗുരുവായൂര്‍ മണ്ഡലത്തില്‍ എം ആര്‍ രാമന്‍ മെമ്മോറിയല്‍ ഷൈസ്‌കൂള്‍ ചാവക്കാട്-മണലൂര്‍ മണ്ഡലത്തില്‍, ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗുരുവായൂര്‍-വടക്കാഞ്ചേരി മണ്ഡലത്തില്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജ് പിജി ബില്‍ഡിങ് തൃശൂര്‍-ഒല്ലൂര്‍ മണ്ഡലത്തില്‍, ഗവ. എഞ്ചിനീയറിങ് കോളേജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ തൃശൂര്‍-തൃശൂര്‍ മണ്ഡലത്തില്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ തൃശൂര്‍-നാട്ടിക മണ്ഡലത്തില്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ഇഇഇ ബില്‍ഡിങ് തൃശൂര്‍-കൈപ്പമംഗലം മണ്ഡലത്തില്‍ ഗവ. കെകെടിഎം കോളേജ്, പൂല്ലൂറ്റ്-കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഗവ. കെകെടിഎം കോളേജ്, പൂല്ലൂറ്റ്-ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട-പുതുക്കാട് മണ്ഡലത്തില്‍ സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട-ചാലക്കുടി മണ്ഡലത്തില്‍ കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടക്കുക.
ഈ വിതരണകേന്ദ്രങ്ങളില്‍ തന്നെയാണ് പോളിങിന് ശേഷം വോട്ടിംഗ് യന്ത്രം അടക്കമുളള സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടതും. തൃശൂര്‍ നിയോജകമണ്ഡലത്തിലെ 149 പോളിങ് സ്റ്റേഷനുകളില്‍ 105 എണ്ണത്തില്‍ ഇക്കുറി പരീക്ഷണാര്‍ത്ഥം വോട്ടേഴ്‌സ് വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപിഎടി) യന്ത്രങ്ങള്‍ ഉപയോഗിക്കും.തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് റിസര്‍വ്വ് അടക്കം ആകെ 10,500 ഉദേ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. ഒരു പ്രിസെഡിങ് ഓഫിസറും മൂന്നു വീതം പോളിങ് ഓഫീസര്‍മാരും ഒരു സുരക്ഷാ ഉദേ്യാഗസ്ഥനുമാണ് ഓരോ ബൂത്തുകളിലും ഉണ്ടാവുക. ഇവരുടെ പരിശീലനം ഇതിനകം പൂര്‍ത്തിയായി. നിയമന ഉത്തരവുകളും നല്‍കി.
സുരക്ഷയ്ക്കായി 6259 അംഗ പോലീസ് സേനയെ ആണ് ജില്ലയില്‍ നിയോഗിച്ചിട്ടുളളത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര സേനാ അംഗങ്ങളേയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും പരസ്യപ്രചരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് മെയ് 14ന് വൈകിട്ട് ആറിന് പൂര്‍ണ്ണമായും സമാപിച്ചു.
മെയ് 16ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ് സമയം വൈകീട്ട് ആറു മണിവരെ പോളിങ്ങ് ബൂത്തില്‍ ക്യൂനില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് പ്രതേ്യക ടോക്കണുകള്‍ നല്‍കിയതിന് ശേഷം ശേഷം വോട്ട് ചെയ്യാന്‍ അവസരം നല്‍കും. മെയ് 16ന് നടക്കുന്ന വോട്ടെടുപ്പില്‍ അവരവരുടെ ബൂത്തുകളില്‍ എത്തി എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it