തിരഞ്ഞെടുപ്പ്്: കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നു കോണ്‍ഗ്രസ്

കണ്ണൂര്‍: തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസേനയുടെ പേരുപറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തിരിച്ചടിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഇതു തടയാന്‍ പോലിസ് സേനയ്ക്ക് കഴിയാത്ത സ്ഥിതിയായിരുന്നെന്നും സുധാകരന്‍ ആരോപിച്ചു. കേരളാ പോലിസിന് ഒരുപാട് പരിമിതികളുണ്ട്. ഭരണം മാറുന്നതിനനുസരിച്ച് അവരുടെ നടപടിക്രമങ്ങളിലും മാറ്റംവരാറുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് അവര്‍ക്ക് ആത്മവീര്യം കുറവായിരിക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിലൂടെയാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കള്ളവോട്ട് തെളിയിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ തന്നെ ഇതിനു തടയിടാന്‍ കേന്ദ്രസേനയെ വിന്യസിക്കണം. ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിച്ച് നടത്തിയ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ദുല്ലക്കുട്ടി വിജയിച്ചതെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, കേന്ദ്രസേനയെ വിന്യസിച്ചാലൊന്നും ആളുകളുടെ മനോനിലയില്‍ മാറ്റംവരുത്താനാവില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂത്തുപറമ്പിലും അഴീക്കോടും നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ഇതിനുദാഹരണമാണ്. ചെന്നിത്തലയ്ക്കു കീഴിലുള്ള ആഭ്യന്തരവകുപ്പിനെ കോണ്‍ഗ്രസ്സുകാര്‍ക്കു തന്നെ വിശ്വാസമില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്. കേന്ദ്രസേനയെ കാട്ടി ഭീഷണിപ്പെടുത്തിയാലൊന്നും എല്‍ഡിഎഫ് ഭയക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it