തിരഞ്ഞെടുപ്പ്;സ്വതന്ത്രര്‍ക്കു പ്രിയമേറുന്നു

തൃശൂര്‍: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വതന്ത്രര്‍ക്കു പ്രിയമേറുന്നു. രാഷ്ട്രീയത്തിനപ്പുറം സമൂഹത്തില്‍ മികച്ച പ്രതിച്ഛായയും സ്വാധീനവുമുള്ളവരെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ തരപ്പെടുത്താനാണ് അണിയറയില്‍ പാര്‍ട്ടികള്‍ തന്ത്രങ്ങള്‍ മെനയുന്നത്. നിസാര വോട്ടുകള്‍ക്ക് കഴിഞ്ഞതവണ കൈവിട്ട സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനാണ് സ്വതന്ത്രരെ പ്രധാനമായും രംഗത്തിറക്കുക. വനിതാ സീറ്റുകളിലും സ്വതന്ത്രര്‍ക്ക് വന്‍ സാധ്യതകളാണു കല്‍പ്പിക്കപ്പെടുന്നത്.

മുഖ്യധാരാ പാര്‍ട്ടികളില്‍ ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതു സി.പി.എമ്മാണ്. ജനപ്രിയരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കണമെന്ന് പാര്‍ട്ടി ഇതിനകം എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രാദേശിക പ്രകടനപത്രികകള്‍ പാര്‍ട്ടി പുറത്തിറക്കും. വിജയസാധ്യത എന്നതു മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്നാണ് പാര്‍ട്ടി ഘടകങ്ങള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം.

മുഖ്യധാരാ പാര്‍ട്ടികള്‍ മുഴുവന്‍ ഇപ്പോള്‍ ജയിക്കാവുന്ന സ്വതന്ത്രരെ തേടി നടക്കുകയാണ്. കുടുംബം, ജാതി, മതം,  വിജയസാധ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് സി.പി.എം. ഏരിയാ കമ്മിറ്റികള്‍ ശ്രദ്ധിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറമുള്ള വിജയസാധ്യതയാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും വേണ്ടി സ്വതന്ത്രരായിരിക്കും കൂടുതല്‍ മല്‍സരിക്കുക എന്നാണ് നേതൃത്വം നല്‍കുന്ന സൂചന. എസ്.എന്‍.ഡി.പിയുടെയും യു.ഡി.എഫിന്റെയും വെല്ലുവിളി മറികടക്കാന്‍ ഈ തന്ത്രമാണ് സി.പി.എം. പയറ്റുക.

കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ജില്ലകളിലായിരിക്കും ഇത്തരത്തിലുള്ള സ്വതന്ത്രര്‍ കൂടുതലും രംഗത്തു വരുക. വനിതാ സീറ്റുകളില്‍ മുസ്‌ലിംലീഗും സ്വതന്ത്രരെ രംഗത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ. ചില സീറ്റുകളിലെങ്കിലും സ്വതന്ത്രരെ പരീക്ഷിക്കും. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ സ്വതന്ത്രരെ ആശ്രയിക്കാന്‍ സാധ്യതയില്ല. ബി.ജെ.പിയും സ്വതന്ത്രര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്.
Next Story

RELATED STORIES

Share it