തിരഞ്ഞെടുപ്പുകള്‍ ഒരേസമയം: നിര്‍ണായക ചര്‍ച്ച 16ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും നിയമ കമ്മീഷനും അടുത്ത ആഴ്ച ചര്‍ച്ച ചെയ്യും. 16നാണു ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബി എസ് ചൗഹാനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിഷയം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ക്ഷണിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതു സംബന്ധിച്ച് നിയമ കമ്മീഷന്‍ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചതിനു പിന്നാലെയാണു യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചത്. 2019ല്‍ തുടങ്ങി രണ്ടു ഘട്ടങ്ങളിലായി ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്നാണു നിയമ കമ്മീഷന്‍ പറയുന്നത്. ഇതിന് ഭരണഘടനയുടെ രണ്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളും അത് അംഗീകരിക്കുകയും വേണം. ജനപ്രാതിനിധ്യ നിയമത്തിലെ ചില വകുപ്പുകള്‍ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യേണ്ടതുമുണ്ട്. ഇതു പ്രകാരം 2024ല്‍ രണ്ടാംഘട്ടത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് നിയമ കമ്മീഷന്‍ കരുതുന്നത്.
സര്‍ക്കാര്‍ നിലംപതിച്ച് ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നുവെങ്കില്‍ അഞ്ചു വര്‍ഷത്തേക്കല്ലാതെ ശേഷിച്ച കാലത്തേക്കു വോട്ടെടുപ്പ് നടത്താമെന്നാണു നിയമ കമ്മീഷന്‍ തയ്യാറാക്കിയ പ്രവര്‍ത്തനരേഖയില്‍ പറയുന്നത്.
ഭേദഗതികള്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരുമെന്നു നിയമ കമ്മീഷന്‍ കരുതുന്നത്. ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണു ശുപാര്‍ശ. രണ്ടാംഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്  സംസ്ഥാനങ്ങളെ രണ്ടാംഘട്ടത്തിലും ഉള്‍പ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഇവിടങ്ങളില്‍ വോട്ടെടുപ്പ് നടത്തണമെങ്കില്‍ നിയമസഭയുടെ കാലാവധി നീട്ടേണ്ടി വരും.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നാലെ വിശ്വാസ പ്രമേയവും വേണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനരേഖയില്‍ അതും ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തിന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ നീക്കാനാവില്ലെന്ന് ഇതുവഴി ഉറപ്പാക്കാനാവുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it