തിരഞ്ഞെടുപ്പുകളും ജനാധിപത്യവും

തിരഞ്ഞെടുപ്പുകളും ജനാധിപത്യവും തമ്മിലെന്താണ് ബന്ധം? ജനാധിപത്യത്തെ അപഹാസ്യമാക്കുകയാണ് തിരഞ്ഞെടുപ്പുകള്‍. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പോളിങ് ബൂത്തിലേക്കുള്ള ഈ തീര്‍ത്ഥയാത്ര കൊണ്ട് ആര്‍ക്കെന്തു പ്രയോജനം? ഇതു കേള്‍ക്കുമ്പോള്‍ ആര്‍ക്കും അതിനോട് യോജിപ്പു തോന്നാനിടയില്ല. എന്നാല്‍, വസ്തുതകള്‍ കൃത്യമായി പരിശോധിച്ചുനോക്കേണ്ടതാണ്. എന്താണ് ജനാധിപത്യം? ഡിമോസ് അഥവാ ജനങ്ങളുടെ ഭരണം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് ജനപ്രതിനിധികളുടെ ഭരണമാണ്. പ്രാചീന ഗ്രീസില്‍ അടിമകളും സ്ത്രീകളുമല്ലാത്ത വിഭാഗങ്ങള്‍ നേരിട്ടാണ് തങ്ങളുടെ ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്. അവര്‍ പ്രതിനിധികളെ അയക്കുകയായിരുന്നില്ല. ഈ സംവിധാനം മഹാത്മാഗാന്ധി വിഭാവന ചെയ്ത സ്വരാജ് എന്ന സങ്കല്‍പത്തിനു തുല്യമാണ്. സ്വരാജില്‍ പൗരന്‍മാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പരസ്പരപൂരകമാണ്. അതേപോലെ സമൂഹങ്ങളുടെ സ്വയംഭരണവും പരസ്പരബന്ധങ്ങളും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. രാഷ്ട്രീയവും നൈതികതയും അതിന്റെ അവിഭാജ്യ ഘടകങ്ങളായി വര്‍ത്തിക്കുന്നു.എന്നാല്‍, ആധുനിക ജനാധിപത്യത്തില്‍ അതല്ല അവസ്ഥ. അധികാരം ജനപ്രതിനിധികളാണ് കൈകാര്യം ചെയ്യുന്നത്. അധികാരവും നൈതികതയും തമ്മിലുള്ള ബന്ധം സംശയാസ്പദവുമാണ് അത്തരം അധികാരഘടനകളില്‍. തിരഞ്ഞെടുപ്പുകള്‍ വഴിയുള്ള ജനാധിപത്യ ഭരണരീതിയില്‍ സ്വരാജിന്റെ ഈ അടിസ്ഥാന സ്വഭാവത്തെ പലവിധത്തില്‍ നാം ദുരുപയോഗം ചെയ്യുന്നുണ്ട്. ഒന്നാമത്, ജനങ്ങളില്‍ 20 ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത കൂട്ടര്‍ക്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധികളായി മാറാന്‍ സാധിക്കുന്നുണ്ട്. വോട്ടുകള്‍ ഭിന്നിപ്പിച്ചുകൊണ്ടാണ് അതു സാധിക്കുന്നത്. ജനങ്ങളില്‍ മഹാഭൂരിപക്ഷവും എതിരാണെങ്കില്‍പ്പോലും ഒരാള്‍ക്ക് വിജയിക്കാനാവും; ജനപ്രതിനിധിയെന്ന് അവകാശപ്പെടാനാവും.2014ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പശ്ചാത്തലം പരിശോധിക്കുക. 542 ലോക്‌സഭാ അംഗങ്ങളുടെ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ കണ്ടത്, 443 പേര്‍ (82 ശതമാനം) ഒരു കോടിയോ അതിലധികമോ സമ്പത്ത് കൈവശമുള്ളവരാണെന്നാണ് (2009ല്‍ അത്രയും സ്വത്ത് കൈവശമുള്ളവര്‍ 300 പേര്‍ മാത്രമായിരുന്നു). സഭയിലെ ഒരു അംഗത്തിന്റെ ശരാശരി സ്വത്ത് 14.7 കോടി രൂപയാണ്. 2009ല്‍ അത് 5.35 കോടിയായിരുന്നു. ഇങ്ങനെയുള്ള കോടീശ്വരന്‍മാര്‍ നാട്ടിലെ സാധാരണക്കാരെയാണ് സത്യത്തില്‍ പ്രതിനിധീകരിക്കുന്നതെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പിക്കാനാവുമോ?ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ അവര്‍ എങ്ങനെയാണ് തീരുമാനമെടുക്കുന്നത്? സഭാംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏകപക്ഷീയമായി, ജനങ്ങളുടെ നിലപാടുകള്‍ ഒട്ടും കണക്കിലെടുക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അധികാരം ഏതാനും വ്യക്തികളുടെ കരങ്ങളില്‍ ഒതുങ്ങിനില്‍ക്കുകയാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പത്തിനു തന്നെ വിരുദ്ധമായ അവസ്ഥാവിശേഷമാണ്. രണ്ടാമത്തെ പ്രശ്‌നം, തിരഞ്ഞെടുപ്പുകള്‍ വളരെ അനാരോഗ്യകരമായ ഒരു കിടമല്‍സരത്തിനു സമൂഹത്തില്‍ കാരണമാവുന്നുണ്ട് എന്നതാണ്. അത് സമൂഹത്തില്‍ കടുത്ത ഭിന്നതയും വിഭജനവും വിതയ്ക്കുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ കാരണം അതൊരു വലിയ ദൂഷിതവലയമായി മാറുകയാണ്. സ്‌പോര്‍ട്‌സ്‌രംഗത്ത് സംഭവിച്ചപോലെ, അമിത മല്‍സരവും പണക്കൊഴുപ്പും വളരെ നിഷേധാത്മകമായ പ്രവണതകള്‍ ഉയര്‍ത്തിവിടുന്നുണ്ട്. കായികരംഗത്ത് അത് മരുന്നുകളുടെ ദുരുപയോഗത്തിനാണ് ഇടയാക്കിയതെങ്കില്‍ രാഷ്ട്രീയമണ്ഡലത്തില്‍ അഴിമതിയും കൈക്കൂലിയും അക്രമങ്ങളും കുതിരക്കച്ചവടവും സ്ഥാപനവല്‍ക്കരിക്കുന്നതിനാണ് അതു സഹായകമായത്.ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത്തരം കിടമല്‍സരങ്ങള്‍ ചരിത്രപരമായ വിഭജനരേഖകളെ കൂടുതല്‍ ആഴത്തില്‍ ശക്തിപ്പെടുത്തുന്നതായാണ് അനുഭവം. ജാതീയവും വര്‍ഗീയവുമായ പ്രവണതകളെ അത് ശക്തിപ്പെടുത്തുന്നു. അതേപോലെത്തന്നെ, ജനകീയമായ തിരഞ്ഞെടുപ്പുകളില്‍ സുപ്രധാനമായ അധികാരകേന്ദ്രമായി മാറുന്നത് ഉദ്യോഗസ്ഥരും പോലിസും പട്ടാളവും ഒക്കെയാണ്. അത് തികഞ്ഞ വൈരുധ്യമായിത്തന്നെ മനസ്സിലാക്കപ്പെടേണ്ടതാണ്. മൂന്നാമത്, തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമാവണമെങ്കില്‍ അവിടെ ജനങ്ങളുടെ സജീവമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ദാരിദ്ര്യം, അവസരനിഷേധം, അസമത്വം, ജാതീയത, പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍, സ്ത്രീകളുടെ ശാക്തീകരണം, ഭൂമി കൈയടക്കല്‍ പ്രവണത, കര്‍ഷക ആത്മഹത്യ, യുവജനങ്ങളിലെ തൊഴിലില്ലായ്മ, വിദ്യാഭ്യാസരംഗത്തെ പൊതുസ്ഥാപനങ്ങളുടെ തകര്‍ച്ച, ആരോഗ്യരംഗത്തെ സ്വകാര്യവല്‍ക്കരണം, പൗരാവകാശങ്ങളുടെ സ്ഥിതി തുടങ്ങിയവയൊക്കെ സജീവ ചര്‍ച്ചാവിഷയമായി ഉയര്‍ന്നുവരണം. എന്നാല്‍ അങ്ങനെയാണോ തിരഞ്ഞെടുപ്പുകാലത്ത് കാര്യങ്ങള്‍ നടക്കുന്നത്? സ്ഥാനാര്‍ഥികള്‍ കൊത്തുകോഴികളെപ്പോലെ പരസ്പരം അങ്കംവെട്ടുന്നതായാണ് ജനം കാണുന്നത്. അതൊരു വിനോദോപാധിയായാണ് അനുഭവപ്പെടുന്നത്. ജനകീയപ്രശ്‌നങ്ങളെ സംബന്ധിച്ച അര്‍ഥപൂര്‍ണമായ ഒരു ചര്‍ച്ചയും തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്നുവരാറില്ല. വിവാദങ്ങള്‍ക്കാണ് അവിടെ പ്രാമുഖ്യം. മാധ്യമങ്ങള്‍ അതിനാണ് പ്രാധാന്യം നല്‍കുന്നതും. ഏതുകാലത്താണ് വിവിധ പാര്‍ട്ടികള്‍ തമ്മില്‍ തങ്ങളുടെ മാനിഫെസ്റ്റോകള്‍ മുന്നില്‍ വച്ച് ഒരു ചര്‍ച്ച നടന്നത്? എന്തുകൊണ്ടാണ് വികസനത്തിലെ അസമത്വങ്ങളും മനുഷ്യശേഷി വികസനത്തിലെ നമ്മുടെ പിന്നാക്കാവസ്ഥയും ചര്‍ച്ചാവിഷയമാവാത്തത്? എന്തുകൊണ്ടാണ് പട്ടിണിയും പോഷകാഹാരക്കുറവും ആരുടെ ചിന്തയിലും കടന്നുവരാത്തത്? ജനാധിപത്യത്തില്‍ ഗൗരവമുള്ള ചര്‍ച്ചകളാണ് പ്രധാനമെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്നതായി കാണാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പുകള്‍ എണ്ണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ആര്‍ക്കാണോ ഭൂരിപക്ഷം, അവര്‍ അധികാരം നേടിയെടുക്കുന്നു. ന്യൂനപക്ഷങ്ങള്‍ അവിടെ അവഗണനയാണ് നേരിടുന്നത്. അവരുടെ കഴിവുകളും താല്‍പര്യങ്ങളും അവകാശങ്ങളും പരിഗണന നേടുന്നില്ല. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണവേളയില്‍ ഈ കാര്യം പരിഗണിക്കപ്പെട്ടിരുന്നു. അതിനാല്‍ ഇങ്ങനെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് സംവരണം പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് അത്തരം പ്രത്യേക സംരക്ഷണങ്ങളും വെല്ലുവിളി നേരിടുകയാണ്. ഭൂരിപക്ഷഹിതം എല്ലാറ്റിനെയും അട്ടിമറിച്ചുകൊണ്ട് ജൈത്രയാത്ര നടത്തുകയാണ്. സമീപകാലത്ത് പശുവിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും അതിനു നല്ല ഉദാഹരണമാണ്. തിരഞ്ഞെടുപ്പുകളുടെ സ്വഭാവം ഇത്തരം നിഷേധാത്മക പ്രവണതകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഇത് ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രവണതയല്ല. ലോകമെങ്ങും ഇതുതന്നെയാണ് അവസ്ഥ. സമൂഹത്തെ വിഭജിതമാക്കുന്ന പ്രവണതകള്‍ ശക്തിപ്പെട്ടുവരുന്നതിന്റെ ലക്ഷണമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രകടമായി കണ്ടത്. അപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനത്തെപ്പറ്റി ആലോചിക്കേണ്ട അവസരമാണിത്. ഒരുപക്ഷേ, നമ്മുടെ ഗ്രാമങ്ങളിലെ പരമ്പരാഗത രീതികളില്‍ അതിനുള്ള ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരും. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ഗ്രാമവാസികള്‍ പറയുന്നു, 'ഞങ്ങളുടെ ഗ്രാമത്തിലെ സര്‍ക്കാര്‍ ഞങ്ങള്‍ തന്നെയാണ്.' അതേ നിലപാടു തന്നെയാണ് ഒഡീഷയിലെ നിയാംഗിരിയിലെ ആദിവാസികളും സ്വീകരിച്ചത്. തങ്ങളുടെ പ്രദേശത്ത് വിദേശ കമ്പനികളുടെ ഖനനം വേണ്ട എന്നാണ് അവര്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചത്. ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തിന്റെ, അഥവാ സ്വരാജിന്റെ, പ്രകടമായ ഉദാഹരണങ്ങളായി ഇവയെ നമുക്ക് കണ്ടെത്താനാവും. ജനങ്ങളുടെ ഇച്ഛയാണ് ഇവിടെ നിര്‍ണായകമായി വരുന്നത്. ഇത്തരം പ്രവണതകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സാധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. മെക്‌സിക്കോയിലെ സപാടിസ്റ്റ പ്രസ്ഥാനം ഒരു ഉദാഹരണമാണ്. അതേപോലെ ആദിവാസി ജനങ്ങള്‍ക്കിടയില്‍ നിരവധി പുത്തന്‍ ജനകീയപ്രസ്ഥാനങ്ങള്‍ പലയിടത്തും ശക്തിപ്പെട്ടുവരുന്നുണ്ട്. നിലവിലുള്ള പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായത്തിന്റെ നിഷേധാത്മക പ്രവണതകളെ ശക്തിയായി പ്രതിരോധിക്കാനും ജനാധിപത്യത്തിനു പുതിയൊരു മാനം നല്‍കാനും ഇത്തരം പുതിയ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞെന്നുവരും.                       ി
Next Story

RELATED STORIES

Share it