തിരഞ്ഞെടുപ്പില്‍ വേണ്ട പണപ്രളയം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരള-കേന്ദ്ര ഗവണ്‍മെന്റുകളുടെ കൂട്ടായ സംഭാവനകൊണ്ടുമാത്രം കഴിയാത്ത, ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളുടെ സഹായംകൂടി ഏകോപിപ്പിച്ച് വര്‍ഷങ്ങളെടുത്ത് നിര്‍വഹിക്കേണ്ട പുനര്‍നിര്‍മാണ മഹായജ്ഞമാണ് ഇപ്പോള്‍ കേരളത്തിനു മുമ്പില്‍. മാസങ്ങള്‍ക്കകം പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യമാകെ ഒരുങ്ങുന്നതിനിടയ്ക്കാണ് ഈ വന്‍ പ്രകൃതിദുരന്തത്തില്‍ നാം അകപ്പെട്ടത്. അതുകൊണ്ട് കോടികള്‍ ചെലവഴിച്ചും ലക്ഷക്കണക്കായ മനുഷ്യശേഷി വിനിയോഗിച്ചുമാണോ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കേണ്ടതെന്ന് നമ്മള്‍ അടിയന്തരമായി തീരുമാനിക്കണം. കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയില്‍ സംസ്ഥാനത്തുണ്ടായിട്ടില്ലാത്ത ഈ മഹാദുരന്തത്തെ നേരിടുന്നതിനുള്ള അടിയന്തര നടപടികള്‍ക്കു കീഴ്‌പ്പെട്ടാണോ മറിച്ചാണോ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു പ്രചാരണമെന്ന രാഷ്ട്രീയ തീരുമാനം അതിപ്രധാനമാണ്.
വിശക്കുന്നവന്റെ മുമ്പില്‍ ആഹാരത്തിന്റെ രൂപത്തിലല്ലാതെ ദൈവംപോലും പ്രത്യക്ഷപ്പെടില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞത് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. സര്‍വതും നഷ്ടപ്പെട്ട് നിരാശയും ആശങ്കകളും ആകുലതകളുംകൊണ്ട് രോഗാതുരമാണ് കേരള സമൂഹം. അവരെ ആത്മവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാനാണ് എല്ലാവരും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ ര്‍വസ്വവും പ്രളയം തകര്‍ത്ത ഒരു നാടിന്റെ പുനസൃഷ്ടികൂടി നിര്‍വഹിക്കാന്‍ നേതൃത്വപരമായി ബാധ്യസ്ഥരായവരാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. അവര്‍ ശതകോടികള്‍ ചെലവിട്ട് കൊട്ടും കുരവയും കൊടിയും റോഡ്‌ഷോയും പരസ്പര കടന്നാക്രമണങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പഴയ അവസ്ഥ കേരളത്തില്‍ ആലോചിക്കാന്‍പോലും സാധ്യമല്ല.
മാസങ്ങള്‍ക്കകം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്നവരടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ ആ പതിവു പരിപാടിയാണ് കേരളത്തില്‍ ഇത്തവണ തുടരുന്നതെങ്കില്‍ നിയമസഭ എടുത്ത ഐക്യസന്ദേശ പ്രതിജ്ഞ ജലരേഖയായി മാറും. ഒന്ന്, അത്തരമൊരു കക്ഷിരാഷ്ട്രീയ വിഭാഗീയ പ്രചാരണം പ്രളയദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രൂപപ്പെട്ട പാര്‍ട്ടി കൊടികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായ ജാതിമതഭേദമില്ലാതെ മനുഷ്യരെന്ന ഒരുമയെ തകര്‍ക്കും. രണ്ട്, ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തിനകത്തു നിന്നും ദേശ-വിദേശ രംഗങ്ങളില്‍നിന്നും നാം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ധനസമാഹരണ പ്രക്രിയയെ അതു പരിഹാസ്യമാക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. പകരം ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും വന്‍ തിരഞ്ഞെടുപ്പ് ധനസമാഹരണം നടത്തുന്ന സ്ഥിതിയുണ്ടാവും. കേരളത്തിന്റെ പുനസൃഷ്ടി അവഗണിച്ച് വോട്ടുരാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പണപ്രചാരണം മേല്‍ക്കൈ നേടും.
16ാം ലോക്‌സഭയിലേക്ക് 543 മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് ചെലവഴിച്ചത് 30,500 കോടി രൂപയാണെന്നാണു കണക്ക്. അതിനു രണ്ടുവര്‍ഷം മുമ്പ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെലവഴിച്ച 42,700 കോടിക്കു പിറകില്‍ നില്‍ക്കുന്ന തിരഞ്ഞെടുപ്പു ചെലവാണിത്. രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറച്ചുപിടിച്ച കണക്കുകള്‍ ചേര്‍ത്താല്‍ ഇതിലും ഭീമമായിരിക്കും യഥാര്‍ഥ ചെലവ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവു പരിധി 40 ലക്ഷത്തില്‍ നിന്ന് 70 ലക്ഷമാക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിശ്ചയിച്ചിരുന്നു. യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചത് അഞ്ചുകോടി മുതല്‍ എട്ടുകോടി വരെയാണെന്നാണ് സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം നല്‍കിയ കണക്കനുസരിച്ച് 428 സീറ്റില്‍ മല്‍സരിച്ച ബിജെപി 714 കോടി രൂപയാണ് ചെലവഴിച്ചത്. 464 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 516 കോടിയും. 93 ലോക്‌സഭാ സീറ്റില്‍ മല്‍സരിച്ച സിപിഎം 19 കോടിയുടെ കണക്കാണു നല്‍കിയത്. ഇതനുസരിച്ച് മൂന്നു സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച ഒരു മണ്ഡലത്തിലെ പാര്‍ട്ടികളുടെ ശരാശരി ചെലവ് മൂന്നുകോടി രൂപയാണ്. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയില്‍ പരിധിവിട്ട് ചെലവഴിച്ച പണത്തിന്റെ ശരാശരി 19.5 കോടി രൂപ. അതായത് മൂന്നു സ്ഥാനാര്‍ഥികളും അവരുടെ പാര്‍ട്ടികളും ചേര്‍ന്നു ചെലവഴിച്ച തുക ചേര്‍ത്താല്‍ കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ 2014ല്‍ ചുരുങ്ങിയത് 23 കോടി രൂപ ചെലവായിട്ടുണ്ടാവും. 20 മണ്ഡലങ്ങളിലെ ചെലവ് 460 കോടി രൂപയ്ക്കു മുകളിലും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ചെലവുപരിധി 70 ലക്ഷത്തില്‍ നിന്ന് ഒരുകോടിയെങ്കിലുമായി ഉയര്‍ത്തേണ്ടിവരും. അതനുസരിച്ച് നേരത്തേ പറഞ്ഞ ഒരു ലോക്‌സഭാ മണ്ഡലത്തിലെ മൊത്തം തിരഞ്ഞെടുപ്പു ചെലവ്, പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചേര്‍ന്ന്, നാലിരട്ടിയെങ്കിലുമായി ഇത്തവണ ഉയരും. അതായത് കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ചുരുങ്ങിയത് 1,840 കോടി രൂപ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവാക്കും.
കേരളത്തിലെ പ്രളയക്കെടുതിയുടെ മൊത്തം നഷ്ടം പ്രാഥമികമായി കണക്കാക്കിയത് 20,000 കോടി ആയിരുന്നു. അതിന്റെ പത്തിലൊന്നെങ്കിലും വരുന്ന തുക ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ മല്‍സരത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊടിപൊടിക്കുമെന്നര്‍ഥം. കോര്‍പറേറ്റുകളില്‍ നിന്നും വന്‍കിട വ്യവസായികളില്‍ നിന്നും കണക്കില്‍പ്പെടാത്ത കള്ളപ്പണം ചെലവഴിച്ചായിരിക്കും ഈ തുക ധൂര്‍ത്തടിക്കുന്നത്. അതു മറച്ചുപിടിക്കാന്‍ ജനങ്ങളില്‍ നിന്നുള്ള പിരിവിന്റെയും സംഭാവനയുടെയും മറയുമുണ്ടാവും.
357 പേരുടെ ജീവനെടുക്കുകയും നിരവധിപേരെ കാണാതാവുകയും ആയിരക്കണക്കിനുപേര്‍ വികലാംഗരും നിത്യരോഗികളും ആവുകയും ചെയ്ത മഹാദുരന്തത്തിന്റെ അന്തരീക്ഷത്തിനു ചേര്‍ന്നതാണോ ഇത്തരമൊരു തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കം. പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പതിക്രമംകൂടി പ്രളയത്തിനു പിറകെ കേരളം താങ്ങേണ്ടിവരുകയോ? ആ ശൈലിയും രീതിയും ഇത്തവണ കേരളം ഒഴിവാക്കേണ്ടതുണ്ട്. വിവാഹസദ്യകളും സല്‍ക്കാരങ്ങളുമടക്കമുള്ള ആഡംബരങ്ങള്‍ ഒഴിവാക്കി പ്രളയദുരന്ത നിവാരണത്തിന് സംഭാവന നല്‍കുന്ന നിലയിലേക്ക് മലയാളികള്‍ പരിചയപ്പെട്ടുകഴിഞ്ഞു. സ്വന്തം ചെലവ് ചുരുക്കി സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ വന്‍ പരസ്യപ്രചാരണം ഒഴിവാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്‍കൈ എടുക്കേണ്ടതാണ്.
ദേശീയതലത്തിലെന്നപോലെ കേരളത്തിലും പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം അവരുടെ കാഡര്‍മാരെയും പ്രവര്‍ത്തകരെയും നേതാക്കളെയും തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇവരൊക്കെ തന്നെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ടും ഇപ്പോള്‍ രംഗത്തിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവര്‍ കളംമാറുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം താളംതെറ്റും.
അതിനര്‍ഥം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം പങ്കാളിയാവേണ്ടെന്നോ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടെന്നോ അല്ല. കോടിക്കണക്കിനു രൂപ ചെലവഴിച്ചുള്ള പ്രചാരണങ്ങളില്ലാതെയാണ് കേരളം 57ലും തുടര്‍ന്നും തിരഞ്ഞെടുപ്പുകളെ നേരിട്ടത്. പതിവ് പ്രചാരണശൈലിയും പണമിറക്കി വോട്ടുപിടിക്കുന്ന രീതിയും സ്ഥാനാര്‍ഥികളുടെ ഫഌക്‌സുകളും കൊടിതോരണങ്ങളും വന്‍ റാലികളും വാഹനജാഥകളും മേളങ്ങളും നാം പിന്നീട് സ്വീകരിച്ച രീതിയാണ്.
തിരഞ്ഞെടുപ്പ് അത്യന്തം പ്രധാനമായ ദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിധിയെഴുത്താണ്. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കണോ, ഇന്ത്യയുടെ വികസനം എങ്ങനെ കൊണ്ടുപോവണമെന്നതും വിധിയെഴുത്തിലെ നിര്‍ണായക പ്രശ്‌നങ്ങളാണ്. അതോടൊപ്പം കേരളത്തിന്റെ പുനസൃഷ്ടിയെന്ന അടിയന്തര വികസന പരിപ്രേക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരം എങ്ങനെ വേണമെന്നതും. ഈ വിഷയങ്ങളില്‍ രാഷ്ട്രീയപ്രബുദ്ധമായ കേരളത്തിലെ ജനങ്ങള്‍ കൃത്യമായ നിലപാടുകള്‍ എടുക്കുകതന്നെ ചെയ്യും.
Next Story

RELATED STORIES

Share it