തിരഞ്ഞെടുപ്പില്‍ മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വോട്ടിങ് യന്ത്രം പരീക്ഷിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍. മാര്‍ക്ക് 3 ഇവിഎം എന്ന പുതിയ വോട്ടിങ് യന്ത്രം 100 ശതമാനം സുരക്ഷിതമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍, ശിവാജിനഗര്‍, ശാന്തിനഗര്‍, ഗാന്ധിനഗര്‍, രാജാജിനഗര്‍, ചാമരാജ്‌പേട്ട്, ചിക്‌പേട്ട് മണ്ഡലങ്ങളിലാണ് ഇവ പരീക്ഷിക്കുക. യന്ത്രങ്ങള്‍ ബംഗളൂരുവിലേക്ക് എത്തിച്ച് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി.
ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (ഇസിഐഎല്‍) ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ചേ ര്‍ന്നാണ് പുതിയ യന്ത്രം നിര്‍മിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു. സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ ഉണ്ടായാല്‍ തിരിച്ചറിയാനും സ്വയം പരിഹരിക്കാനും യന്ത്രത്തിനു കഴിയും.
വിവിധ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മൂന്നാംതലമുറ യന്ത്രങ്ങള്‍ കമ്മീഷന്‍ പുറത്തിറക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് കടലാസുകള്‍ ഉപയോഗിക്കണമെന്നു വിവിധ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. 2013ലാണ് മാര്‍ക് 3 വോട്ടിങ് യന്ത്രങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. 2000 കോടി രൂപയാണു ഇതിനു വേണ്ടി കേന്ദ്രം വകയിരുത്തിയിരുന്നത്.
Next Story

RELATED STORIES

Share it