kozhikode local

തിരഞ്ഞെടുപ്പില്‍ ധാരണയില്ലെന്ന സിപിഎം നിലപാട് രാഷ്ട്രീയ വഞ്ചന: വെല്‍ഫെയര്‍ പാര്‍ട്ടി

മുക്കം: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല എന്ന സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവന രാഷ്ട്രീയ വഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം എക്‌സി. കമ്മിറ്റി. കഴിഞ്ഞ തിരെഞ്ഞടുപ്പ് സമയത്ത്, മുക്കം മുനിസിപ്പാലിറ്റിയിലും കൊടിയത്തൂര്‍, കാരശ്ശേരി, കോടഞ്ചേരി , പഞ്ചായത്തുകളിലും , സിപിഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുല്ല, ജോണി എടശ്ശേരി, സുന്ദരന്‍ മാസ്റ്റര്‍, കെ ടി ശ്രീധരന്‍, കെ ടി വിനു, ജോളി ജോസഫ്, ഉള്‍പ്പെടെയുള്ളവരുമായി ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരസ്പരധാരണ പ്രകാരമാണ് ഇലക്ഷനെ നേരിട്ടത്. ഇതിന്റെ ഫലമാണ് ഭരണ മാറ്റം സംഭവിച്ചതും ഭരണം നിലനിര്‍ത്താന്‍ സാധിച്ചതും. ഈ ധാരണ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കല്‍ രാഷ്ട്രീയ മര്യാദയാണ്. ഇതിന് വിരുദ്ധമായി സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിക്ക് നിലപാട് ഉണ്ടെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ വിജയിച്ച  പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണവും, സ്ഥാനമാനങ്ങളും രാജിവച്ച് ഇലക്ഷനെ നേരിടാന്‍ തയ്യാറാവണമെന്നും മണ്ഡലം എക്‌സി. കമ്മറ്റി ആവശ്യപ്പെട്ടു. കൊടിയത്തൂരിലും മുക്കത്തും ചേന്ദമംഗല്ലൂരിലും പരസ്പര ധാരണയോട് കൂടിയാണ് ഒരു മിച്ച് പ്രകടനം നടത്തിയത് . ഇതെല്ലാം ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, റഫീഖ് കുറ്റ്യോട്ട് , അസീസ് തോട്ടത്തില്‍, സഫീറ കൊളായില്‍, സഫിയ സംസാരിച്ചു.
Next Story

RELATED STORIES

Share it