World

തിരഞ്ഞെടുപ്പില്‍ ഇടപെട്ട രാജ്യങ്ങള്‍ക്കെതിരേ ഉപരോധ നടപടികളുമായി യുഎസ്‌

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഇടപെട്ട രാജ്യങ്ങള്‍ക്കെതിരേ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ശക്തമാവുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം.
2022ലെ ഇടക്കാല തിരഞ്ഞെടുപ്പിലും റഷ്യ ഇടപെടാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗം വിശ്വസിക്കുന്നുണ്ട്. ഉപരോധം സംബന്ധിച്ച ഉത്തരവില്‍ അടുത്തദിവസം തന്നെ ട്രംപ് ഒപ്പിടുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പുകളില്‍ വിദേശരാജ്യങ്ങള്‍ ഇടപെടുന്നതില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കാനുള്ള വ്യക്തമായ നടപടിയാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ സമിതി വക്താവ് ഗരെറ്റ് മാര്‍ക്വസ് പറഞ്ഞു.
ഇതൊരു ഏക പരിഹാരമാര്‍ഗമല്ല. പക്ഷേ, ഇത്തരത്തിലുള്ള ഏത് ഇടപെടലുകളും ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ റഷ്യക്കെതിരേ ഉപരോധ നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സിറിയന്‍ വിഷയത്തില്‍ യുഎസും റഷ്യയും രണ്ടു ചേരിയിലാണ്. ഇദ്‌ലിബില്‍ ജനാധ്യപത്യ വാദികള്‍ക്കെതിരേയുള്ള നീക്കത്തെ റഷ്യ പിന്‍തുണക്കുമ്പോള്‍ അവര്‍ക്കെതിരില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ ശക്തമായി ചെറുക്കാനാണ് യുഎസ് ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി സംയുക്ത സഖ്യത്തിന്റെ നീക്കം.
അതിനിടെ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് ഭരണകൂടം നടത്തുന്ന വംശീയ വിവേചനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ യുഎസ് തീരുമാനിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്താനാണു ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമെന്നു യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സാമ്പത്തിക നടപടികളെടുക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. വൈഗൂറിലെ മുസ്‌ലിംകളെ നിരീക്ഷിക്കാന്‍ യുഎസ് സഹായത്തോടെ ഏര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും ഇതിനായി നല്‍കിയ എല്ലാ സഹായങ്ങളും പിന്‍വലിക്കാനാണു തീരുമാനം. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ചൈന തുടരുന്ന വിവേചന നടപടികളെ വൈറ്റ്ഹൗസും യുഎസ് ട്രഷറി വകുപ്പും നേരത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഉന്നത ചൈനീസ് ഉദ്യോഗസ്ഥര്‍ക്കു യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആഴ്ചകള്‍ക്കു മുമ്പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it